Global block

bissplus@gmail.com

Global Menu

പുതിയ മേഖലകളിലേക്ക് ബിസിനസ് വ്യാപിപ്പിച്ച റിലയൻസ്

പലവ്യഞ്ജനങ്ങൾ മാത്രമല്ല ഇനി ഗൃഹോപകരണങ്ങളും മറ്റ് കൺസ്യൂമർ ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളും എല്ലാം റിലയൻസ് നിർമിക്കും. പുതിയ മേഖലയിലേക്ക് ബിസിനസ് വ്യാപിപ്പിക്കുകയാണ് കമ്പനി. റിലയൻസ് വൈസർ എന്ന പുതിയ ബ്രാൻഡിൽ ഇന്ത്യയിൽ നിർമിച്ച വിവിധ ഉൽപ്പന്നങ്ങൾ പുറത്തിറക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകളുണ്ട്. ഇപ്പോൾ ഈ ബ്രാൻഡിന് കീഴിൽ എയർ കൂളറുകൾ വിൽക്കുന്നുണ്ട്. റഫ്രിജറേറ്ററുകൾ, വാഷിംഗ് മെഷീനുകൾ, ടിവികൾ, എയർ കണ്ടീഷണറുകൾ എന്നിവയുൾപ്പെടെയുള്ള മറ്റ് ഉപകരണങ്ങളും ഇന്ത്യയിൽ നിർമിച്ച് വിൽക്കാൻ റിലയൻസ് പദ്ധതിയിടുന്നതായി ആണ് സൂചന.

എൽജി, സാംസങ്, സോണി തുടങ്ങിയ വിദേശ ബ്രാൻഡുകൾ ആധ്യപത്യം പുലർത്തിയിരിക്കുന്ന കൺസ്യൂമർ ഇലക്ട്രോണിക്സ് രംഗത്തും ശ്രദ്ധ കേന്ദ്രീകരിക്കുയാണ് കമ്പനിയുടെ ലക്ഷ്യം. ഇന്ത്യയുടെ ഗൃഹോപകരണ വിഭാഗത്തിലെ പല ജനപ്രിയ പേരുകളും വിദേശ ബ്രാൻഡുകളാണ്. ടിവി, വാഷിംഗ് മെഷീൻ, റഫ്രിജറേറ്റർ, എയർകണ്ടീഷണർ എന്നിവ മികച്ച ഗുണമേൻമയിൽ വിപണിയിൽ എത്തിക്കാൻ ആയാൽ ഇന്ത്യൻ നിർമിത ഉൽപ്പന്നങ്ങൾക്കും ബ്രാൻഡിനും സ്വീകാര്യതയേറും. ഏറെ ലാഭകരമായ കൺസ്യൂമർ ഇലക്ട്രോണിക്സ് രംഗത്തേക്ക് ബിസിനസ് വ്യാപിപ്പിക്കുന്നത് റിലയൻസിനും ഗുണകരമാകും

റിലയൻസ് റീട്ടെയിലിന് കീഴിൽ ആയിരിക്കും കമ്പനിയുടെ പ്രവർത്തനം. ഉൽപ്പന്നങ്ങൾ ഇന്ത്യയിൽ തന്നെ നിർമിക്കും. ഡിക്‌സൺ ടെക്‌നോളജീസ്, ഒനിഡയുടെ മാതൃ കമ്പനിയായ മിർക്ക് ഇലക്‌ട്രോണിക്‌സ് തുടങ്ങിയ പ്രാദേശിക നിർമ്മാതാക്കളുമായി കമ്പനി കരാറുകൾ ഒപ്പിട്ടേക്കും. എയർ കണ്ടീഷനറുകൾ, വാഷിംഗ് മെഷീനുകൾ, റഫ്രിജറേറ്ററുകൾ, ടിവികൾ,വീട്ടുപകരണങ്ങൾ, എൽഇഡി ബൾബുകൾ എന്നിവയുൾപ്പെടെ വൈസർ പുറത്തിറക്കുമെന്നാണ് സൂചന.

റിലയൻസ് റീകണക്ടിൽ ഇപ്പോൾ ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ ലഭ്യമാണ്. എന്നാൽ വേറെ കമ്പനികൾ രൂപകൽപ്പന ചെയ്ത് നിർമ്മിച്ച ഉൽപ്പന്നങ്ങളാണിവ. എന്നാൽ പുതിയ ബ്രാൻഡിന് കീഴിൽ എല്ലാ ഉൽപ്പന്നങ്ങളും റിലയൻസ് തന്നെ രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്യുമെന്നതാണ് വ്യത്യാസം.

Post your comments