Global block

bissplus@gmail.com

Global Menu

വൈഫൈയല്ല ലൈ ഫൈയാണ് താരം

ലൈറ്റ് ഓണ്‍ ചെയ്താല്‍ എന്തു കിട്ടും. പ്രകാശം ലഭിക്കുമെന്നാണ് ഉത്തരമെങ്കില്‍ ലൈ ഫൈയില്‍ ഇതൊരല്പം വ്യത്യസ്തമാണ്. ഇതില്‍ പ്രകാശം മാത്രമല്ല ഇന്റര്‍നെറ്റും കിട്ടും. അതും സാധാരണ സ്പീഡിലുള്ളതല്ല. അതിവേഗതയിലുള്ള ഇന്റര്‍നെറ്റ്. ഒന്നും രണ്ടുമല്ല ഏതാണ്ട് ഇരുപതു സിനിമകള്‍ വരെ സെക്കന്റുകളില്‍ ഡൗണ്‍ലോഡ് ചെയ്യാം ലൈഫൈയിലൂടെ. 

പ്രകാശത്തിലൂടെയുള്ള ഇന്റര്‍നെറ്റ്. ഇതൊരു സാങ്കേതിക വിദ്യയുടെ വിസ്മയമായി കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. അതില്‍ നിന്നും പല രാജ്യങ്ങളും ലൈ ഫൈയുടെ സാങ്കേതിക വിദ്യയില്‍ ഗവേഷണങ്ങള്‍ നടത്തി. ലൈ ഫൈയിലൂടെ ഇന്റര്‍നെറ്റ് ഉപയോഗിച്ചു. ഈ അതിവേഗ ഇന്റര്‍നെറ്റിന്റെ കാലഘട്ടത്തില്‍  ഇന്ത്യയിലും ലൈ ഫൈ പരീക്ഷണം നടത്തിയിട്ടുണ്ട്. ഡിജിറ്റല്‍ ഇന്ത്യയിലായി നടപ്പിലാക്കുന്ന പദ്ധതികള്‍ക്ക് അതിവേഗ ഡേറ്റാ കൈമാറ്റം പ്രധാനമാണ്. ഇതിനായി ഐടി മന്ത്രാലയാണ് ലൈ ഫൈ പരീക്ഷിച്ചത്. ഫിലിപ്‌സ് ലൈറ്റ്‌നിങ് കമ്പനി, ഐഐടി മദ്രാസ് എന്നിവരുമായി ചേര്‍ന്നുള്ള ലൈ ഫൈയുടെ പരീക്ഷണം വിജയകരമായിരുന്നു.  
 ലൈ ഫൈ ടെക്‌നോളജി 
ലൈറ്റ് ഫിഡിലിറ്റിയുടെ ചുരുക്ക രൂപമാണ് ലൈ ഫൈ. ഇതില്‍ ഡാറ്റ കൈമാറ്റത്തിനുള്ള ഒരു മീഡിയമായി ലൈറ്റ് ഉപയോഗിക്കും. എല്‍ഇഡി ബള്‍ബുകള്‍ ഉപയോഗിച്ചുള്ള കണക്ടിവിറ്റിയിലൂടെ ഇന്റര്‍നെറ്റ് ലഭിക്കുന്ന സാങ്കേതികവിദ്യയാണിത്. റേഡിയോ തരംഗങ്ങള്‍ ഉപയോഗിച്ചുള്ള ഡാറ്റ കൈമാറ്റമായിരുന്നു വൈഫൈയില്‍ ഉണ്ടായിരുന്നത്. ലൈഫൈയില്‍ പ്രകാശമുപയോഗിച്ചുള്ള  കണക്ടിവിറ്റിയാണ് ഉപയോഗിക്കുന്നത്. വൈഫൈ പോലെ കമ്പ്യൂട്ടര്‍ നെറ്റ്വര്‍ക്കിങിനും ഇത് ഉപയോഗിക്കാവുന്നതാണ്. സാധാരണ എല്‍ ഇ ഡിയിലുള്ള അതേ വെളിച്ചമാണ് ഇന്റര്‍നെറ്റില്‍ ആവശ്യമായ എല്ലാ ഉപകരണങ്ങളിലേക്കും ഡാറ്റ കൈമാറ്റം ചെയ്യുന്നതിനായി മോഡിഫിക്കേഷനുകളോടെ ഉപയോഗിക്കുന്നത്. 

എഡിന്‍ബറോ സര്‍വകലാശാലയിലെ ഹരാള്‍ഡ് ഹാസ് ആണ് ലൈഫൈ സാങ്കേതികവിദ്യ വികസിപ്പിച്ചത്.  2011ല്‍ അദ്ദേഹം ഈ സാങ്കേതിക വിദ്യയുടെ വിശദമായ രീതിയിലുള്ള അവതരണവും നടത്തുകയുണ്ടായി.  പ്രകാശമുപയോഗിച്ചുള്ള കണക്ടിവിറ്റിയിലൂടെയുള്ള ഡാറ്റ വിനിമയമായിരുന്നു അദ്ദേഹം അവതരിപ്പിച്ചത്. എല്‍ഇഡി ലൈറ്റിലൂടെയുള്ള പ്രകാശത്തിലൂടെ ഡാറ്റ സിഗ്‌നലുകള്‍ അദ്ദേഹം കൈമാറി. 
ഇന്റര്‍നെറ്റില്‍ ഭൂരിഭാഗവും റേഡിയോ തരംഗങ്ങളിലൂടെയാണ് ഡാറ്റ കൈമാറ്റം നടത്തുന്നത്. ഈ സാങ്കേതികവിദ്യയ്ക്ക് പോരായ്മകളുണ്ട്.  റേഡിയോ തരംഗങ്ങള്‍ ഉപയോഗിക്കുവാന്‍ പാടില്ലാത്ത സ്ഥലങ്ങളില്‍ അതിവേഗതയില്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റി നല്‍കുവാന്‍ വേറെ സാങ്കേതിക വിദ്യയില്ല. റേഡിയോ ഫ്രീക്വന്‍സി സുരക്ഷിതവുമല്ല. ഈ എല്ലാ ന്യൂനതകളുമാണ് ഒരു പുതിയ സാങ്കേതികവിദ്യക്കുള്ള ഗവേഷങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയത്. വേഗതയേറിയതും ചിലവ് കുറഞ്ഞതുമായ സാങ്കേതിയക വിദ്യയാണ് ലൈഫൈ .  
പ്രകാശം ഉപയോഗിച്ചുള്ള ഡാറ്റ വിനിമയം കൂടുതല്‍ സുരക്ഷിതമാണ്. സാധാരണമായി വൈഫൈയിലൂടെയുള്ള സിഗ്‌നലുകള്‍  ഭിത്തികളിലൂടെ മറ്റിടങ്ങളിലും ലഭ്യമാകും. അതിനാല്‍ അവ ഹാക്ക് ചെയ്യുവാനുള്ള ഉപാധികള്‍ ഉണ്ട്. എന്നാല്‍ പ്രകാശത്തിനു ഭിത്തികള്‍ക്കപ്പുറം നീങ്ങുവാന്‍ കഴിയാത്തതിനാല്‍ മറ്റിടങ്ങളില്‍ ഈ സിഗ്‌നലുകള്‍ ലഭിക്കില്ല. ഇതിനാല്‍ നെറ്റ്വര്‍ക്ക് കൂടുതല്‍ സുരക്ഷിതമാകും.  റേഡിയോ തരംഗങ്ങള്‍ ഉപയോഗിച്ചു ടാറ്റ കൈമാറ്റമാകുമ്പോള്‍ ഇതില്‍ മറ്റു രീതിയിലുള്ള ഇന്റെര്‍ഫിയറന്‍സുകള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ ലൈഫൈയില്‍ ഈ സാങ്കേതിക തടസ്സങ്ങള്‍ ഉണ്ടാകുന്നില്ല. വൈഫൈയില്‍ ഒരേ നെറ്റ് വര്‍ക്കില്‍ നിരവധി ഉപകരണങ്ങള്‍ ഉപയോഗിക്കുമ്പോള്‍ സ്പീഡ് കുറയാറുണ്ട്.  ലൈഫൈയില്‍ ഈ രീതിയില്‍  സ്പീഡ് കുറയുന്നില്ല. 
ലൈ ഫൈ ഇന്റര്‍നെറ്റ്
ലൈ ഫൈയുടെ പരീക്ഷണങ്ങള്‍ വിജയിച്ചിട്ടുണ്ടെങ്കിലും വന്‍തോതില്‍ വൈഫൈ പോലെ വാണിജ്യാടിസ്ഥാനത്തില്‍ ലഭ്യമായിട്ടില്ല. ഉപകരണങ്ങളിലും സാങ്കേതിക വിദ്യയിലും ഗവേഷണങ്ങള്‍ നടക്കുന്നതേയുള്ളൂ. അതിവേഗ ഇന്റെര്‍നെറ്റിനായി അത്യാധുനിക ഉപകരണങ്ങളും ലൈ ഫൈയുടെ സാങ്കേതിക വിദ്യയില്‍ പ്രധാനമാണ്. ലൈഫൈയിലൂടെ അതിവേഗ ഇന്റര്‍നെറ്റ്  നല്‍കുവാന്‍ സാധ്യമാകുമെങ്കിലും ഇപ്പോഴുള്ള ഉപകരണങ്ങളും സാങ്കേതിക വിദ്യയും ഇതിനു പ്രാപ്തമാണോ എന്നതും ഒരു മറുചോദ്യമാണ്.  ഈ പ്രതിസന്ധികള്‍ ലൈഫൈയുടെ സാങ്കേതിക വിദ്യയുടെ വികാസത്തിന് തടസ്സമാകുന്നില്ല. പ്രകാശത്തിലൂടെ അതിവേഗ ഡാറ്റ വിനിമയവും അതിവേഗ ഇന്റര്‍നെറ്റും സാങ്കേതിക വിദ്യയുടെ പുതിയ വിപ്ലവമായിരിക്കും.  ഇന്റര്‍നെറ്റിന്റെ വന്‍തോതിലുള്ള വളര്‍ച്ചയാണ് അതിവേഗ ഡാറ്റ കൈമാറ്റത്തിന്റെ സാങ്കേതിക വിദ്യയുടെ വികസനത്തിന് മുന്‍തൂക്കം നല്‍കിയത്. ഇതിനാല്‍ ഇന്റര്‍നെറ്റിന്റെ അടുത്ത തലമുറയായി ലൈ ഫൈയെ വിശേഷിപ്പിക്കാം.

 

Post your comments