Global block

bissplus@gmail.com

Global Menu

നവകേരളത്തിന്റെ ജാലകങ്ങൾ

ഐ ടി മേഖല : നൂതന സാങ്കേതിക 
വിദ്യയുടെ വളരുന്ന ഹബ്ബായി കേരളം 
സംസ്ഥാനത്തെ സമൂഹ്യ സാമ്പത്തിക വികസനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഐ.ടി. മേഖലയിൽ പ്രത്യക്ഷ പരോക്ഷ തൊഴിലവസരങ്ങൾ സൃഷ്ടിച്ച് കേരളത്തെ മികച്ച മുൻനിര ഐ.ടി. കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തോടെ 1995-ൽ ഇന്ത്യയിൽ ആദ്യമായി തിരുവനന്തപുരത്ത് ആദ്യ ഐ.ടി. പാർക്കിന് തുടക്കം കുറിച്ചു. സംസ്ഥാനത്തിന്റെ അനവധിയായ ആവശ്യങ്ങൾക്ക് വരും കാലഘട്ടത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് പ്രവർത്തിക്കാൻ 1998-ൽ ഐ.ടി. നയം പ്രഖ്യാപിക്കുകയും സംസ്ഥാനത്ത് ഐ.ടി.യ്ക്ക് മാത്രമായി ഒരു വകുപ്പ് രൂപീകരിക്കുകയും തുടർന്ന് 1999-ൽ സംസ്ഥാന ഐ.ടി. മിഷൻ രൂപീകരിയ്ക്കുകയും ചെയ്തു. കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്‌നോളജി മിഷൻ (കെ.എസ്.ഐ.റ്റി.എം.), കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ്, ഇന്നൊവേഷൻ ആൻഡ് ടെക്‌നോളജി, ടെക്‌നോപാർക്ക്, ഇൻഫോപാർക്ക്, സൈബർപാർക്ക്, കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്‌നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (കെ.എസ്.ഐ.റ്റി.ഐ.എൽ), ഇന്റർനാഷണൽ സെന്റർഫോർ ഫ്രീ ആന്റ് ഓപ്പൺ സോഴ്‌സ് സോഫ്റ്റ് വെയർ (ഐ.സി.ഫോസ്), കേരള സ്റ്റാർട്ടപ്പ് മിഷൻ (കെ.എസ്.യു.എം.), സെന്റർ ഫോർ ഡവലപ്പ്‌മെന്റ് ഓഫ് ഇമേജിംഗ് ടെക്‌നോളജി (സി-ഡിറ്റ്) എന്നിവയാണ് സംസ്ഥാനത്ത് വിവര സാങ്കേതിക പദ്ധതികൾ നടപ്പാക്കുന്ന, വിവരസാങ്കേതിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പ്രധാന ഏജൻസികൾ.
ഇൻഫർമേഷൻ ആന്റ് കമ്യുണിക്കേഷൻ ടെക്നോളജി പ്രോജക്ടുകൾ, ഇ- ഗവേണൻസ് സംരഭങ്ങൾ, ഇ-സാക്ഷരത പരിപാടികൾ, ഐ.ടി. അടിസ്ഥാന സൗകര്യങ്ങൾ എന്നിവ കേരളത്തെ ഐ.ടി. മേഖലയുടെ മുന്നിലെത്തിക്കുന്നതിന് സഹായിച്ചു. ഹബ് ആൻഡ് സ്‌പോക് മോഡൽ പ്രോത്സാഹിപ്പിച്ച് വികേന്ദ്രികൃത നിക്ഷേപങ്ങളെ കേരളം ആകർഷിക്കുന്നു. പുതിയ ടെക്‌നൊളജിയിലൂന്നിയ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാൻ സ്റ്റാർട്ടപ്പുകൾക്ക് പ്രത്യക പ്രാധാന്യം കേരളം നൽകി വരുന്നു.  ഐ.ടി. അധിഷ്ഠിത അടിസ്ഥാന  സൗകര്യ വികസനങ്ങളിൽ കേരളം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു മുന്നിലാണ്. ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം ഇന്റർനെറ്റ് പെനിട്രേഷനിൽ കേരളം (65%) ഇന്ത്യയിൽ 3-ാം സ്ഥാനത്താണ്. ഗ്രാമ നഗര വ്യത്യാസങ്ങളില്ലാതെ എല്ലായിടത്തും ഇന്റർനെറ്റ് കണക്ടിവിറ്റി നൽകാൻ കേരളത്തിന് സാധിച്ചട്ടുണ്ട്.
ഓഫീസ് നടപടി ക്രമങ്ങൾ ഇലക്ട്രോണിക് ആയി നടപ്പാക്കുന്നതിലൂടെ ഡിജിറ്റൽ വിനിമയത്തിന്റെ ഗുണഫലങ്ങൾ ഉപയോഗിച്ചു കൊണ്ട് സർക്കാർ ഓഫീസുകൾ പേപ്പർ രഹിത ഓഫീസുകളായി പരിവർത്തനം ചെയ്യുകയും ആശയവിനിമയം വഴി വേഗത്തിൽ തീരുമാനമെടുക്കുന്നതുമാണ് ഇ-ഓഫീസ് ലക്ഷ്യമിടുന്നത്. സെക്രട്ടേറിയറ്റിലെ എല്ലാ വകുപ്പുകളിലും 66 ഡയറക്ടറേറ്റുകളിലും കമ്മീഷണറേറ്റകളിലും മറ്റു ഗവൺമെൻറ് ഓഫീസുകളിലും എല്ലാ കളക്ടറേറ്റുകളിലും 17 സബ്കളക്ടറേറ്റുകളിലും ആർ ഡി ഒ ഓഫീസുകളിലുമായി ഇ-ഓഫീസ് നടപ്പാക്കി കഴിഞ്ഞു. വരും വർഷങ്ങളിൽ താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും തുടങ്ങി താഴെ തട്ടുവരെ ഇ-ഓഫീസ് നടപ്പാക്കുന്നതിന് സർക്കാർ തീരുമാനമെടുത്തിട്ടുണ്ട്.ഓഫിസുകളിൽ നിന്നും നേരിട്ട് ലഭ്യമാകുന്ന സേവനങ്ങൾ ഓൺലൈൻ വഴി ലോകത്തെവിടെ നിന്നും ലഭ്യമാകുന്ന തരത്തിൽ സംസ്ഥാനത്തെ ഭരണം കൂടുതൽ സുതാര്യമാക്കാൻ 911 സർക്കാർ സേവനങ്ങൾ ഇ-സേവനം പോർട്ടൽ വഴിയും ഇ-ഡിസ്ട്രിക്ട് പോർട്ടൽ, സർക്കാർ ഉത്തരവുകൾ ഉൾപ്പടെയുള്ള വിവിധ ഡോക്യൂമെന്റുകൾ സ്റ്റേറ്റ് പോർട്ടലും അനുബന്ധ പോർട്ടലുകൾ വഴിയും തദ്ദേശ സ്വയം ഭരണ വകുപ്പ് റവന്യൂ തുടങ്ങിയ വകുപ്പുകളുടെ സേവനങ്ങൾ അതാത് പോർട്ടലുകൾ വഴിയും കടലാസ് രഹിത സംസ്ഥാനമാക്കുകയെന്ന ലക്ഷ്യത്തോടെ ഇ-ഓഫിസ് സംവിധാനം നടപ്പാക്കുകയും പൊതുജനങ്ങളുടെ പരാതികൾക്കും അന്വേഷണങ്ങൾക്കുമുള്ള മറുപടികൾ ഓൺലൈനായി നൽകുകയും ചെയ്തു വരുന്നു. പൂർണമായും എല്ലാ സേവനങ്ങളും ഓൺലൈനായി ലഭ്യമാക്കാനുള്ള നടപടികളിലാണ് സർക്കാർ. 2016-ൽ രാജ്യത്തെ ആദ്യ ഡിജിറ്റൽ സംസ്ഥാനം, 3 കോടിയിലധികം ഇ-സർട്ടിഫിക്കറ്റുകൾ നൽകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനം, മുഴുവൻ ഗ്രാമപഞ്ചായത്തുകളെയും ഒപ്റ്റിക്കൽ ഫൈബർ ശൃംഖലയിലൂടെ ബന്ധിപ്പിച്ച സംസ്ഥാനം, ടെലി ഡെന്‌സിറ്റി കൂടുതലുള്ള സംസ്ഥാനം,  2023-ൽ കേരളത്തെ സമ്പൂർണ ഇ- ഗവേണൻസ് സംസ്ഥാനമായി പ്രഖ്യാപിച്ചത്, ഇന്ത്യയിലെ ആദ്യ സമ്പൂർണ ഡിജിറ്റൽ ബാങ്കിംഗ് സംസ്ഥാനമായി കേരളം  മാറിയത് തുടങ്ങി ചെറുതും വലുതുമായ നേട്ടങ്ങൾ കേരളം കൈവരിച്ചത് വിവിധ കാലഘട്ടങ്ങളിലായി ഐ.ടി. അധിഷ്ഠിത അടിസ്ഥാന സൗകര്യ വികസനങ്ങളിൽ ശ്രദ്ധ പതിപ്പിച്ചതിന്റെയും ദീർഘ വീക്ഷണത്തിന്റെയും ഫലമാണ്.
ഡിജിറ്റൽ വിഭജനമില്ലാത്ത                              കേരളത്തിനായി കെ-ഫോൺ
ഇന്റർനെറ്റ് പൗരന്റെ അവകാശമായി പ്രഖ്യാപിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനമാണ് കേരളം. ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ യുടെ റിപ്പോർട്ട് പ്രകാരം ഇന്റർനെറ്റ് പെനിട്രേഷനിൽ കേരളം (65%) ഇന്ത്യയിൽ 3-ാം സ്ഥാനത്താണ്. സമഗ്ര സാമൂഹ്യ മുന്നേറ്റത്തിന് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്ന നയമാണ് കേരളം സ്വീകരിച്ചിട്ടുള്ളത്.
ഗ്രാമ നഗര വ്യത്യാസങ്ങളില്ലാതെ എല്ലായിടത്തും ഇന്റർനെറ്റ് കണക്ടിവിറ്റി ലഭ്യമാക്കാൻ ആരംഭിച്ച പദ്ധതിയാണ് കെ-ഫോൺ. കെ-ഫോൺ പദ്ധതി യാഥാർഥ്യമായതോടെ സ്വന്തമായി ഇന്റർനെറ്റ് സംവിധാനമുള്ള ആദ്യ സംസ്ഥാനമെന്ന നേട്ടത്തിന് കേരളം അർഹമായി. എല്ലാ വിഭാഗം ജനങ്ങൾക്കും ഇന്റർനെറ്റ് കുറഞ്ഞ ചിലവിൽ ലഭ്യമാക്കി ഡിജിറ്റൽ വിഭജനത്തെ ഇല്ലാതാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഒപ്റ്റിക്കൽ ഫൈബർ ശൃംഖല സംസ്ഥാനമാകെ സ്ഥാപിച്ചത് വഴി അതിവേഗ ഇന്റർനെറ്റ് കണക്ഷൻ കേരളത്തിലെ 30,000ത്തോളം സർക്കാർ ഓഫീസുകളിലും വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ലഭ്യമാക്കും. പദ്ധതിയുടെ 1-ാം ഘട്ടമായി 27,995 സർക്കാർ ഓഫീസുകളിൽ കണക്ഷൻ സൗകര്യങ്ങൾ ഉറപ്പാക്കിയതിൽ 18,542 ഓഫിസുകളിൽ ഇന്റർനെറ്റ് ലഭ്യമാക്കി. ഇതിൽ 8707 ഓഫീസുകൾ കെ-ഫോൺ വഴിയാണ് ഇന്റർനെറ്റ് ഉപയോഗിക്കുന്നത്. ഓരോ നിയോജകമണ്ഡലങ്ങളിലെയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 100 കുടുംബങ്ങൾക്ക് സൗജന്യമായി ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി 4172 ഗുണഭോക്താക്കൾക്ക് ഇന്റർനെറ്റ് സേവനം ഇതിനോടകം ലഭ്യമാക്കി.
പൊതുജനങ്ങൾക്കായി 2000 ഫ്രീ വൈഫൈ സ്പോട്ടും, സർക്കാർ ഓഫീസിലെത്തുന്നവർക്ക് മിതമായ നിരക്കിലുള്ള വൈഫൈ നെറ്റ്വർക്കും ലഭ്യമാകും. കെ.എസ്.ഇ.ബി., ഐ.ടി. ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ്, ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ്, കിഫ്ബി എന്നീ സ്ഥാപനങ്ങളാണ് പദ്ധതിയുടെ സ്റ്റേക്ക് ഹോൾഡേഴ്‌സ്.എല്ലാ വീടുകളിലും, സ്ഥാപനങ്ങളിലും ഇന്റർനെറ്റ് എത്തുന്നതോടെ സേവനങ്ങൾ പൂർണമായും ഓൺലൈൻ ആകുകയും പൊതുജനങ്ങൾക്ക് വളരെ വേഗത്തിൽ, പേപ്പർ രഹിതമായി സേവനങ്ങൾ ലഭ്യമാവുകയും ചെയ്യും.
ആഗോളശ്രദ്ധയാകർഷിച്ച് കേരളത്തിന്റെ ആരോഗ്യരംഗം
വിദ്യാഭ്യാസ-ആരോഗ്യ രംഗങ്ങളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ ലോകശ്രദ്ധ ആകർഷിച്ചതാണ്. ആരോഗ്യ സൂചികകളുടെ കാര്യത്തിൽ ഇന്ത്യയിൽ കേരളം എല്ലാകാലവും ഒന്നാം സ്ഥാനം നിലനിർത്തുന്നു. വികസിതരാജ്യങ്ങളുടേതിന് സമാനമായ ജനസംഖ്യ വളർച്ചയും പൊതുജനാരോഗ്യ സംവിധാനവും കേരളത്തെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നു. വികസന സൂചികകളിൽ കേരളത്തെ ലോകം അടയാളപ്പെടുത്തിയത് ആരോഗ്യരംഗത്ത് കഴിഞ്ഞ 67 വർഷത്തിനിടയിൽ നടത്തിയ മാതൃകാപരമായ പ്രവർത്തനങ്ങൾ കൊണ്ടാണ്. ഗ്രാമ നഗര വ്യത്യാസങ്ങളില്ലാതെ കേരളത്തിൽ എല്ലായിടത്തും ആരോഗ്യ സംവിധാനങ്ങൾ കേരളം ഉറപ്പാക്കിയിട്ടുണ്ട്. 1980-81 കാലഘട്ടത്തിൽ 746 ആശുപത്രികളിലായി 32447 കിടക്കകളാണ് ഉണ്ടായിരുന്നതെങ്കിൽ 2021-22-ൽ 1477 ആശുപത്രികളിലായി 58828 കിടക്കകളായി വർധിച്ചു. ആധുനിക വൈദ്യശാസ്ത്രം, ആയുർവേദം, ഹോമിയോ തുടങ്ങി പരമ്പരാഗത ചികിത്സ രീതികൾ വരെ കേരളത്തിലെവിടെയും ലഭ്യമാണ്. ഉയർന്ന ആയുർദൈർഘ്യം, ശിശുമരണ നിരക്ക്, മാതൃമരണനിരക്ക്, ജനസംഖ്യയിൽ പുരുഷന്മാരുടെയും സ്ത്രീകളുടെയും അനുപാതം തുടങ്ങിയ നീതി ആയോഗിന്റെ 2019-20 ലെ സംസ്ഥാന ആരോഗ്യ സൂചിക അനുസരിച്ച് കേരളം 82.2 എന്ന സ്‌കോറോടെ മൊത്തത്തിലുള്ള പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ വലിയ സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനം നിലനിർത്തി.
ഏവർക്കും പ്രാപ്യമായതും തുല്യതയുള്ളതും സാമ്പത്തികഭാരമില്ലാത്തതും ഗുണമേന്മയുള്ളതുമായ ആരോഗ്യസേവനങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതാണ് കേരളത്തിലെ പൊതുജനാരോഗ്യ സംരക്ഷണം. കേരളത്തിലെ ആയുർദൈർഘ്യം (ജനന സമയത്ത്) 75 വർഷമാണ്. ഇത് സംസ്ഥാനങ്ങളിൽ വെച്ചേറ്റവും ഉയർന്നതും ദേശീയ ശരാശരിയെക്കാൾ (70) ഉയർന്നതുമാണ്. സംസ്ഥാനങ്ങളിൽ ഏറ്റവും കുറഞ്ഞ മാതൃമരണ നിരക്ക് (19) കേരളത്തിലാണ്. അത് ദേശീയതലത്തിൽ 97 ആണ്. ഇന്ത്യയിലെ വലിയ സംസ്ഥാനങ്ങളിൽ കേരളത്തിൽ മാത്രമാണ് ശിശുമരണ നിരക്ക് ഒറ്റ അക്കത്തിൽ ഉള്ളത് (6). ഇത് അഖിലേന്ത്യാതലത്തിൽ 28 ആണ്.
വിദ്യാഭ്യാസ രംഗത്തെ കേരള മോഡൽ
കഴിഞ്ഞ 7 പതിറ്റാണ്ടായി കേരളം നേടിയെടുത്ത ഏറ്റവും വലിയ നേട്ടങ്ങളിൽ പ്രധാനപ്പെട്ടത് കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയാണ്. ഇന്ത്യയിലെ ആദ്യ സമ്പൂർണ സാക്ഷരത സംസ്ഥാനമായ കേരളം ഏറ്റവും കൂടുതൽ ഇൻവെസ്റ്റ് ചെയ്ത മേഖല വിദ്യാഭ്യാസത്തിനായിരുന്നു. നഗര ഗ്രാമ വേർതിരിവില്ലാതെ എല്ലാവർക്കും വിദ്യാഭ്യാസം എത്തിക്കുവാൻ കേരളത്തിനായിട്ടുണ്ട്. കുട്ടികളുടെ കൊഴിഞ്ഞു പോക്കിനെ തടയാനും പൊതു വിദ്യാലയങ്ങളിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കാനും ഇൻക്ലസിവ് വിദ്യാഭ്യാസം ഒരുക്കാനും കേരളത്തിന് സാധിച്ചട്ടുണ്ട്. അരികുവത്ക്കരിക്കപ്പെട്ടവരെക്കൂടി വിശാല അർഥത്തിൽ ഉൾകൊള്ളുന്ന ജനാധിപത്യ വിദ്യാഭ്യാസ സമ്പ്രദായമാണ് കേരളം ആവിഷ്‌കരിച്ചു നടപ്പാക്കി വരുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, വൈജ്ഞാനിക സമ്പദ്ഘടന, വിദ്യകിരണം, പാഠപുസ്തക പരിഷ്‌കരണം തുടങ്ങി നിരവധി പദ്ധതികളും പ്രവർത്തനങ്ങളും വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി നടപ്പാക്കി വരുന്നു.
മനുഷ്യ മൂലധനത്തിന്റെ ഗുണനിലവാരത്തിൽ പ്രധാന സൂചികയാണ് സാക്ഷരത. 94% ആണ് കേരളത്തിന്റെ സാക്ഷരത. സാക്ഷരത പ്രവർത്തനങ്ങളിൽ പ്രധാന പങ്കുവഹിക്കുന്ന സാക്ഷരത മിഷൻ അതോറിറ്റി കേവല സാക്ഷരതയ്ക്കപ്പുറം സ്‌കൂളിൽ നിന്നും കൊഴിഞ്ഞു പോയവർ, തുടർവിദ്യാഭ്യാസം, കുടിയേറ്റ തൊഴിലാളികൾക്കിടയിലുള്ള സാക്ഷരത സ്ത്രീകൾ, അരികുവത്കരിക്കപ്പെട്ടവർ എന്നിവർക്കിടയിൽ ആരോഗ്യപരവും ശാസ്ത്രീയവും സാമൂഹികവുമായ വളർച്ച നേടിയെടുക്കുന്നതിന് പ്രാപ്തമാക്കുന്ന തരത്തിൽ ഭരണഘടന, നവോത്ഥാനം, ഇ-വിദ്യാഭ്യാസം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളിലൂന്നിയ സമഗ്ര പഠനമാണ് നടത്തി വരുന്നത്.
മികച്ച ഭൗതീക സൗകര്യങ്ങളോട് കൂടിയ കേരളത്തിലെ സ്‌കൂളുകളിൽ 55.6% എയ്ഡഡ് മേഖലയിലും 36.2% സർക്കാർ മേഖലയിലും 8.2% അൺ എയ്ഡഡ് മേഖലയിലുമാണ്. 2022-23 പ്രകാരം ആകെയുള്ള കുട്ടികളിൽ 48.93% പെൺകുട്ടികളാണ്. ഇന്ത്യയിൽ സ്‌കൂളുകളിൽ നിന്നും ഏറ്റവും കുറവ് കൊഴിഞ്ഞുപോക്ക് ഉള്ള സംസ്ഥാനം കേരളമാണ്. 2020-21 പ്രകാരം 0.04 ആണ് കേരളത്തിലെ സ്‌കൂൾ കൊഴിഞ്ഞുപോക്ക്. ഉച്ചഭക്ഷണ പദ്ധതി, വിവിധ സ്‌കോളർഷിപ്പുകൾ തുടങ്ങി നിരവധി പദ്ധതികളും പ്രവർത്തനങ്ങളും വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കി വരുന്നുണ്ട്.
.
ഹരിതകർമ സേന: നാടിെ                        ശുചിത്വ സേന
നാടിനെ മാലിന്യമുക്തമാക്കി ആരോഗ്യമുള്ള ജനതയെ വാർത്തെടുക്കാൻ മുൻകൈ എടുക്കുകയാണ് സംസ്ഥാന സർക്കാർ. ചെറിയ ചുവടുവയ്പ്പുകൾ വിപ്ലവകരമായ മാറ്റങ്ങളിലേക്ക് വഴിതെളിക്കുന്നതുപോലെ കുടുംബശ്രീ സംരംഭമായ ഹരിതകർമ സേനയുടെ പിൻബലത്തിൽ സർക്കാർ മുന്നേറുകയാണ്.  വാസയോഗ്യമായ പ്രകൃതി സൗഹൃദയിടങ്ങളൊരുക്കാൻ.സംസ്ഥാനത്തിൻറെ രൂക്ഷമായ മാലിന്യ പ്രശ്‌നത്തിന് വികേന്ദ്രീകൃത രീതിയിൽ പരിഹാരം കാണുന്നതിന് രൂപീകരിച്ച സംവിധാനമാണ് ഹരിതകർമ സേന. പാഴ്വസ്തുക്കളുടെ മാലിന്യശേഖരണവും സംസ്‌ക്കരണവും നടത്തുന്നതിലൂടെ തൊഴിലും വരുമാനവും ഉറപ്പു വരുത്തുകയും കേരളം നേരിടുന്ന മാലിന്യ പ്രശ്‌നത്തിന് ഒരളവ് വരെ പരിഹാരം കാണുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഹരിതകർമ സേനകൾ പ്രവർത്തിക്കുന്നത്. 'മാലിന്യമുക്തം നവകേരളം' ക്യാമ്പെയിെ ഭാഗമായി സംസ്ഥാനത്ത് ശുചിത്വം കൈവരിക്കുന്നതിന് ഹരിതകർമ സേനകൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.
സംസ്ഥാനത്തെ വിവിധ വികസന മിഷനുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ സർക്കാർ സ്വകാര്യ ഏജൻസികളുടെയും സംയുക്താഭിമുഖ്യത്തിലും സഹകരണത്തോടെയുമാണ് ഹരിതകർമ സേനയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തുന്നത്. മാലിന്യത്തെ വരുമാനമാക്കി മാറ്റുക എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് ഹരിതകർമ സേനയുടെ രൂപീകരണം. നിലവിൽ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ, ശുചിത്വ മിഷൻ, ആരോഗ്യവകുപ്പ്, ക്‌ളീൻ കേരള കമ്പനി എന്നിവയുമായി ചേർന്നു കൊണ്ട് മാലിന്യ മുക്തം നവകേരളത്തിനായി കുടുംബശ്രീയുടെ കീഴിലുള്ള 32440 ഹരിതകർമ സേനകൾ പ്രവർത്തിക്കുന്നു. ഹരിതകർമ സേനയുടെ പ്രവർത്തന ഫലമായി ഉണ്ടായിട്ടുള്ള സാമൂഹിക നേട്ടങ്ങളും പരിസ്ഥിതിയിലുണ്ടായ പ്രതിഫലനവും എടുത്തു പറയേണ്ട സവിശേഷതയാണ്.വെള്ളം, വൃത്തി, വിളവ് എന്നീ ലക്ഷ്യങ്ങളോടെ പ്രവർത്തനം നടത്തി വരുന്ന ഹരിത കേരളം മിഷൻ, ശുചിത്വ പ്രവർത്തനങ്ങൾക്ക് സാങ്കേതിക സഹായം നൽകുന്ന ശുചിത്വ മിഷൻ, ദാരിദ്ര്യ ലഘൂകരണവും സ്ത്രീശാക്തീകരണവും മുഖ്യ വിഷയമായി ഏറ്റെടുത്തു പ്രവർത്തിക്കുന്ന കുടുംബശ്രീ, മാലിന്യങ്ങളുടെ ശാസ്ത്രീയ സംസ്‌ക്കരണം ഉറപ്പു വരുത്തുന്നതിനു വേണ്ടി പ്രവർത്തിച്ചു വരുന്ന ക്ലീൻ കേരള കമ്പനി, ഉറവിട മാലിന്യസംസ്‌ക്കരണ ഉപാധികൾ നിർമിക്കുന്നതിന് സഹായകമാകുന്ന തൊഴിലുറപ്പ് മിഷൻ, റെഗുലേറ്ററി അതോറിറ്റിയായ കേരള സംസ്ഥാന മലീനീകരണ നിയന്ത്രണ ബോർഡ് എന്നിവയുടെ സംയോജിത സഹായത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ഹരിതകർമസേനകൾ പ്രവർത്തിക്കുന്നത്.
ദുരന്തങ്ങളിലും പതറാത്ത                                     സുരക്ഷിത കേരളത്തിനായ്
പ്രളയം, ഉരുൾപ്പൊട്ടൽ, കൊറോണ തുടങ്ങി ഏതുതരത്തിലുള്ള ദുരന്തങ്ങളായാലും കേരള ജനതക്ക് അടിപതറാതെ മുന്നോട്ടു പോകാനുള്ള ആർജവം പകരുന്നത് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കാര്യക്ഷമമായ ഇടപെടലുകളാണ്. ദുരന്തസാധ്യതകളെ കൃത്യമായി മുൻകൂട്ടി അറിയിക്കുന്നതിലും ദുരന്തങ്ങളെ അതിജീവിക്കുന്നതിലും വഴികാട്ടിയാണ് ഈ സ്ഥാപനം.
ഭൂമിശാസ്ത്രപരമായി ബഹുമുഖ ദുരന്തസാധ്യതയുള്ള പ്രദേശമാണ് നമ്മുടെ കൊച്ചു കേരളം. സംസ്ഥാനത്തെ ബാധിക്കാൻ സാധ്യതയുള്ള 17 തരം പ്രകൃതിദുരന്തങ്ങളും 22 തരം മനുഷ്യനിർമ്മിത ദുരന്തങ്ങളും സംസ്ഥാന ദുരന്തനിവാരണ പ്ലാനിൽ വ്യക്തമാക്കിയിരിക്കുന്നു. കേരളത്തിലെ ദുരന്തസാധ്യതകളുടെ ലഘൂകരണം, തയ്യാറെടുപ്പ്, പ്രതിരോധം തുടങ്ങിയവ ശാസ്ത്രീയമായ രീതിയിൽ വിശകലനം ചെയ്യാനും മെച്ചപ്പെടുത്താനുമായി 2005-ലെ ദുരന്ത നിവാരണ നിയമപ്രകാരം 2007 മെയ് 4 നു സ്ഥാപിതമായ സംവിധാനമാണ് കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി (കെ.എസ്.ഡി.എം.എ). സാങ്കേതിക കാര്യങ്ങളും അടിയന്തര പ്രവർത്തനങ്ങളും ഏകോപിപ്പിച്ചു പ്രവർത്തിപ്പിക്കാൻ കെഎസ്ഡിഎംഎയുടെ കേരള സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സ്സെൻറർ (കെഎസ്ഇഒസി) മേൽനോട്ടം വഹിക്കുന്നു. കൂടാതെ ജില്ലാതലത്തിൽ പ്രവർത്തനങ്ങൾക്ക് പിന്തുണനൽകുന്നതിനും സുഗമമാക്കുന്നതിനുമായി ഓരോ ജില്ലയിലും ജില്ലാ എമർജൻസി ഓപ്പറേഷൻ സെന്റർ (ഡിഇഒസി) സജ്ജീകരിച്ചിട്ടുണ്ട്.
തുടർച്ചയായി നേരിട്ട ദുരന്തങ്ങളെ തരണം ചെയ്യാൻ വഹിച്ച പങ്ക്, അതിജീവനത്തിനായി നടപ്പിലാക്കിയ പദ്ധതികൾ, കാലാവസ്ഥ വ്യതിയാനം ഉൾപ്പെടെ പരിഗണിച്ച് കൊണ്ടുള്ള ദീർഘവീക്ഷണത്തോടെയുള്ള ആസൂത്രണം, എല്ലാവിഭാഗത്തേയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള മാതൃകാപ്രവർത്തനങ്ങൾ തുടങ്ങി നിരവധി ശ്രദ്ധേയമായ ഇടപെടലുകൾ നടത്താൻ കെഎസ്ഡിഎംഎയ്ക്ക് സാധിച്ചിട്ടുണ്ട്. തുടർച്ചയായെത്തിയ ദുരന്തങ്ങളെ അതിജീവിക്കാൻ കേരളത്തെ പ്രാപ്തമാക്കിയതിൽ നേതൃപരമായ പങ്കാണ് അതോറിറ്റി നിർവഹിച്ചത്. കേരളത്തെയാകെ ഗ്രസിച്ച 2018 ലെ മഹാപ്രളയത്തെ മാതൃകാപരമായാണ് നമ്മുടെ സംസ്ഥാനം നേരിട്ടത്. ദുരന്തസാധ്യത കുറക്കുന്നതിന് സംസ്ഥാനത്ത് വിവിധ നിയമങ്ങളിലും ചട്ടങ്ങളിലും നിരവധി ഭേദഗതികൾ കൊണ്ടുവരാൻ കഴിഞ്ഞു. ഹൈക്കോടതിയിൽ നിന്നുള്ള നിരവധി സുപ്രധാന വിധികളും കെഎസ്ഡിഎംഎയുടെ വീക്ഷണങ്ങൾ ഉയർത്തിപ്പിടിക്കുന്നതായി കാണാം. അങ്ങനെ, ദേശീയതലത്തിൽ, കെഎസ്ഡിഎംഎ അഞ്ചാമത്തെ മികച്ച ദുരന്തനിവാരണ അതോറിറ്റിയായി ശ്രദ്ധിക്കപ്പെട്ടു.
വികസന വാതിൽ തുറന്ന് കേരളത്തിലെ        ദേശീയപാതാവികസനം
ഒരു നാടിന്റെ സമഗ്ര വികസനത്തിന് അത്യന്താപേക്ഷിതമായ ഘടകമാണ് അടിസ്ഥാനസൗകര്യ വികസനം. ആസൂത്രിതമായ വികസനമാണ് ഇതിനായി സംസ്ഥാന സർക്കാർ പ്രാവർത്തികമാക്കുന്നത്.അടിസ്ഥാനസൗകര്യ വികസനം കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വളർച്ചയ്ക്ക് അതിപ്രധാനമാണ്. ഈ രംഗത്ത് കേരളത്തെ മികച്ച ഹബ്ബായി മാറ്റാനുള്ള പദ്ധതികളാണ് സർക്കാർ നടപ്പിലാക്കുന്നതും. ഈ പശ്ചാത്തലത്തിലാണ് ദേശീയപാതാ വികസനത്തിന് കേരളം മുൻഗണന നൽകുന്നത്.
മുംബൈ മുതൽ കന്യാകുമാരി വരെ നീളുന്ന ദേശീയ പാത  66 ൻറെ വികസനം കേരളത്തിൻറെ ദീർഘകാലമായുള്ള ആവശ്യമാണ്. മഞ്ചേശ്വരം തലപ്പാടി മുതൽ കാരോട് തമിഴ്‌നാട് അതിർത്തി വരെ നീളുന്ന പാതയുടെ വികസനം ഏറെ ചർച്ച ചെയ്തതുമാണ്. ഇതിനായുള്ള ശ്രമങ്ങൾ ദേശീയപാതാ അതോറിറ്റി ആരംഭിക്കുകയും ചെയ്തു. എന്നാൽ ഭൂമി ഏറ്റെടുക്കലിലെ കാലതാമസം ചൂണ്ടിക്കാട്ടി 2015 ൽ ദേശീയ പാതാ അതോറിറ്റി പദ്ധതി ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചു.
2016 ൽ പിണറായി വിജയൻ സർക്കാരാണ് പദ്ധതി തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. പ്രധാനമന്ത്രി, ഉപരിതലഗതാഗത മന്ത്രി എന്നിവരെ പലതവണ കണ്ട് മുഖ്യമന്ത്രി, കേരളത്തിലെ ദേശീയപാതാ വികസനമെന്ന ആവശ്യം മുന്നോട്ടു വെച്ചു. തുടർചർച്ചകൾക്കും സമ്മർദങ്ങൾക്കും ഒടുവിൽ കേരളത്തിന്റെ ശ്രമങ്ങൾ ഫലം കാണുകയായിരുന്നു. 2019 ൽ ദേശീയപാത വികസനപദ്ധതി നടപ്പിലാക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു. ദേശീയ പാത -66 ൻറെ വികസനത്തിന് ആകെ 1190.67 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടിയിരുന്നത്. ജനങ്ങളുടെ ആവശ്യങ്ങൾക്ക് ഒപ്പം നിന്ന് മികച്ച തുടർജീവിതം സാധ്യമാക്കാനാകുന്ന നഷ്ടപരിഹാരം ഉറപ്പാക്കി, മുഖ്യമന്ത്രി തന്നെ ജനങ്ങളോട് സംസാരിച്ച് നഷ്ടപരിഹാരം സംബന്ധിച്ച ആശങ്കകൾ പരിഹരിച്ചു. ജനങ്ങൾ ഭൂമി വിട്ടുനൽകുന്നതിന് തയ്യാറായി. നിലവിൽ 98.5 ശതമാനത്തോളം ഭൂമി ഏറ്റെടുത്ത് കൈമാറി. സംസ്ഥാന വിഹിതമായി 5580.73 കോടി രൂപ കേരള സർക്കാർ നൽകി. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വിഹിതം കൈമാറിയത്.2025 ൽ പൂർത്തീകരിക്കാൻ കഴിയുന്ന തരത്തിലുള്ള പ്രവർത്തനമാണ് തുടരുന്നത്.
ദേശീയ പാത  66 ന് പുറമെ മറ്റ് ദേശീയപാതകളുടെ വികസനവും കേരളത്തിൽ സാധ്യമാക്കാൻ ശ്രമിക്കുകയാണ്. കൃത്യമായ സമയക്രമം നിശ്ചയിച്ച് പ്രവൃത്തി വിലയിരുത്തലുകൾ നടത്തിയാണ് കുതിരാൻ ടണലിൻറെ പ്രവൃത്തി പൂർത്തിയാക്കിയത്, വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകുന്നതോടെ തലസ്ഥാനത്ത് സാധ്യമാകുന്ന വികസന തിപ്പിന് ആക്കം കൂട്ടാൻ വിഴിഞ്ഞം- നാവായിക്കുളം ഔട്ടർ റിംഗ്‌റോഡ് പദ്ധതി ഉൾപ്പെടെ ആവിഷ്‌കരിച്ച് നടപ്പാക്കുകയാണ്. കേരളം സമർപ്പിച്ച പദ്ധതി നിർദേശം അംഗീകരിച്ച് ദേശീയ പാത അതോറിറ്റി വഴി നടപ്പാക്കാൻ ആണ് തീരുമാനം.
തിരുവനന്തപുരം ഔട്ടർ റിംഗ്‌റോഡ്, കൊല്ലം-ചെങ്കോട്ട നാലുവരി പാത, ദേശീയപാത 966ൽ പാലക്കാട്-കോഴിക്കോട് നാലുവരി പാത, ദേശീയപാത 544ൽ അങ്കമാലി-കുണ്ടന്നൂർ ആറുവരി ബൈപ്പാസ് (എറണാകുളം ബൈപ്പാസ്) എന്നീ പദ്ധതികൾക്കുള്ള പദ്ധതിരേഖ തയ്യാറാക്കൽ അന്തിമ ഘട്ടത്തിലാണ്.
ദേശീയപാത 85ൽ കൊച്ചി-മൂന്നാർ-തേനി നാലുവരിപാത, ദേശീയപാത 544ൽ വാളയാർ-വടക്കാഞ്ചേരി ആറുവരി പാത, തൃശ്ശൂർ-അങ്കമാലി ആറുവരി പാത, തിരുവനന്തപുരം-കോട്ടയം -അങ്കമാലി നാലുവരി പാത, മലപ്പുറം-കുട്ട എക്കണോമിക് കോറിഡോർ എന്നീ പ്രവൃത്തികളുടെ പദ്ധതിരേഖയും തയ്യാറാക്കുന്നുണ്ട്. ഭൂമി ഏറ്റെടുക്കലിന് ഒന്നാംഘട്ട അനുമതിയും ലഭ്യമായി.
ദേശീയപാത 85 ൽ കൊച്ചി-മൂന്നാർ ഇ.പി.സി മോഡിൽ പേവ്ഡ് ഷോൾഡറോഡുകൂടി രണ്ടുവരി പാത വികസിപ്പിക്കുന്നതിന് ടെൻഡർ നടപടികൾ പൂർത്തിയായി. ദേശീയപാത-766ൽ കോഴിക്കോട്- മുത്തങ്ങ പാത പേവ്ഡ് ഷോൾഡറോഡു കൂടി രണ്ടുവരി പാത വികസിപ്പിക്കുന്നതിന് ഭൂമി ഏറ്റെടുക്കലിനുള്ള തുക അനുവദിച്ചു. ദേശീയപാത 185 ൽ അടിമാലി-കട്ടപ്പന പാത വികസനത്തിന് ഭൂമിഏറ്റെടുക്കലിനുള്ള തുകയും സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ പദ്ധതികൾ അംഗീകരിച്ച് അനുവദിച്ചിട്ടുണ്ട്.ദേശീയപാത വികസനത്തിനൊപ്പം മലയോരപാത, തീരദേശപാത, ലെവൽക്രോസ് ഇല്ലാത്ത കേരളം തുടങ്ങിയ പദ്ധതികൾ ചേർന്ന് കേരളത്തിന്റെ വികസനം കൂടുതൽ തിളക്കമുള്ളതാകും.
കുടുംബശ്രീ -ലോകത്തിനൊരു കേരള മാതൃക
കേരളത്തിന്റെ സാമൂഹ്യ ഭൂമികയിൽ സ്ത്രീജീവിതത്തിന് പ്രസാദാത്മകമായ പരിവർത്തനം സൃഷ്ടിച്ച പ്രസ്ഥാനമാണ് കുടുംബശ്രീ. കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷത്തെ സ്ത്രീശാക്തീകരണ ദാരിദ്ര്യ നിർമാർജ്ജന പ്രവർത്തനങ്ങളിലൂടെ സമഗ്ര ശാക്തീകരണം കൈവരിക്കാൻ കഴിഞ്ഞ ഏക പ്രസ്ഥാനം.
ലോകത്തിനു മുന്നിൽ സമഗ്രശാക്തീകരണത്തിന്റെ ഉദാത്ത മാതൃകയായി അഭിമാനപൂർവം ഉയർത്താനാവുന്ന ഒന്നാണ് കുടുംബശ്രീ പ്രസ്ഥാനത്തിന്റെ ചരിത്രം. ദാരിദ്ര്യത്തെ മറികടന്ന സാധാരണക്കാരായ സ്ത്രീകളുടെ അതിജീവനവും സാമ്പത്തികവും സാമൂഹികവും മാനസികവും ബൗദ്ധികവുമായ വികാസവും ഉൾപ്പെടെയുള്ള വികസന ചരിത്രമാണ് കുടുംബശ്രീയുടേത്. പെൺകരുത്തിൽ പടുത്തുയർത്തിയ സമാനതകളില്ലാത്ത ഒരു മുന്നേറ്റം. ഏഷ്യൻ ഭൂഖണ്ഡത്തിലെ തന്നെ ഏറ്റവും വലിയ സ്ത്രീകൂട്ടായ്മയാണ് മൂന്നു ലക്ഷത്തിലേറെ അയൽക്കൂട്ടങ്ങളിലായി 46.16 ലക്ഷം വനിതകൾ അംഗങ്ങളായുള്ള കുടുംബശ്രീയെന്ന ഈ ത്രിതല സംഘടനാ സംവിധാനം.
ഏതൊരു രാജ്യത്തിൻറെയും വികസന സ്വപ്നങ്ങൾ പൂർണമായും സാക്ഷാത്കരിക്കണമെങ്കിൽ ദാരിദ്ര്യമെന്ന പ്രതിസന്ധിയെ ഇല്ലാതാക്കിയേ തീരൂ. ഈ സത്യം തിരിച്ചറിഞ്ഞത് 1998ലെ ഇ.കെ നായനാർ സർക്കാരാണ്. ദാരിദ്ര്യം ഇല്ലായ്മ ചെയ്തു കൊണ്ട് സ്ത്രീശാക്തീകരണം സാധ്യമാക്കുകയെന്ന വലിയ ലക്ഷ്യം മുൻനിർത്തിയാണ് 1998 മെയ് 17ന് കുടുംബശ്രീ രൂപീകൃതമായത്. തൊഴിലും വരുമാനവും കണ്ടെത്താനും സാമ്പത്തിക സ്വാശ്രയത്വം കൈവരിക്കാനും അതിലൂടെ ദാരിദ്ര്യത്തെ ലഘൂകരിക്കാനും സ്ത്രീകളെ പ്രാപ്തരാക്കുകയെന്ന ശ്രമകരമായ ദൗത്യം കുടുംബശ്രീ ഏറ്റെടുത്തു. അടുക്കളയുടെ ചുറ്റുവട്ടത്തിനുള്ളിൽ ഗാർഹിക ഉത്തരവാദിത്വങ്ങളുമായി മാത്രം കഴിഞ്ഞിരുന്ന ആയിരക്കണക്കിന് സ്ത്രീകളുടെ ജീവിതത്തിലേക്കാണ് കുടുംബശ്രീ വെളിച്ചവുമായെത്തിയത്.
അയൽക്കൂട്ടങ്ങളിൽ സൂക്ഷ്മസമ്പാദ്യം പ്രോത്സാഹിപ്പിക്കുകയും അതിൽ നിന്നും തങ്ങളുടെ ആവശ്യങ്ങൾക്കായി വായ്പ ലഭ്യമാക്കുകയും ചെയ്യുന്നതിലൂടെ വീട്ടുമുറ്റത്തെ ബാങ്കായി അയൽക്കൂട്ടങ്ങൾ മാറി. കുടുംബശ്രീ മുഖേന നടപ്പാക്കുന്ന മൈക്രോ ഫിനാൻൻസ് പദ്ധതിയുടെ ഭാഗമായി നിലവിൽ 8029.47 കോടി രൂപയുടെ നിക്ഷേപം അയൽക്കൂട്ടങ്ങളുടേതായി ഇന്ന് സംസ്ഥാനത്തെ വിവിധ ബാങ്കുകളിലുണ്ട്. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ, സ്റ്റേറ്റ് ഇൻഷുറൻസ് വകുപ്പ് എന്നിവയുമായി സഹകരിച്ചു കൊണ്ട് 'ജീവൻ ദീപം ഒരുമ' ഇൻഷുറൻസ് പദ്ധതിയിലൂടെ 11.31 ലക്ഷം അംഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിനും കഴിഞ്ഞിട്ടുണ്ട്.
കുടുംബശ്രീ മുഖേന നടത്തുന്ന വിവിധ പദ്ധതികളുടെ ഭാഗമായി ഇന്ന് സംസ്ഥാനമൊട്ടാകെ 1,08,464 സൂക്ഷ്മസംരംഭങ്ങൾ പ്രവർത്തിക്കുന്നുണ്ട്. രണ്ടു ലക്ഷത്തോളം വനിതകൾ ഇതിൽ അംഗങ്ങളാണ്. ഉൽപാദന സേവന മേഖലകളിൽ വൈവിധ്യമാർന്ന തൊഴിൽ അവസരങ്ങൾ കണ്ടെത്താനും അതിലൂടെ സ്ത്രീകൾക്ക് സുസ്ഥിര വരുമാന ലഭ്യത ഉറപ്പു വരുത്തുന്നതിനും കുടുംബശ്രീക്ക് സാധിച്ചു. ഇപ്രകാരം ഓരോ പ്രദേശത്തും കൂടുതൽ തൊഴിൽ സംരംഭങ്ങളും വരുമാന സാധ്യതകളും ഉയർത്തിക്കൊണ്ടു വരുന്നതിലൂടെ പ്രാദേശിക സാമ്പത്തിക വികസന പ്രക്രിയ ത്വരിതപ്പെടുത്തുന്നതിലും കുടുംബശ്രീ വലിയ പങ്കാണ് വഹിക്കുന്നത്. പ്രാദേശിക വിഭവശേഷിയും വനിതകളുടെ തൊഴിൽ വൈദഗ്ധ്യശേഷിയും പ്രയോജനപ്പെടുത്തി സ്വയംതൊഴിൽ-വേതനാധിഷ്ഠിത തൊഴിൽ മേഖലകളിലും നിരവധി വനിതകൾക്ക് ജീവനോപാധി ലഭ്യമാക്കിയിട്ടുണ്ട്. ഇതോടൊപ്പം കുടുംബശ്രീ മുഖേന നടപ്പാക്കുന്ന വിവിധ തൊഴിൽ നൈപുണ്യ പരിശീലന പദ്ധതികളുടെ ഭാഗമായി 96864 പേർക്ക് തൊഴിൽ നൈപുണ്യ പരിശീലനം ലഭ്യമാക്കുന്നതിനും 72412 പേർക്ക് തൊഴിൽ നേടിക്കൊടുക്കാനും കഴിഞ്ഞു.
ഒ.എൻ.ഡി.സി ഡിജിറ്റൽ പ്ലാറ്റ്‌ഫോം അടക്കമുള്ള ഓൺലൈൻ വ്യാപാര രംഗത്തേക്ക് കൂടി കുടുംബശ്രീ കടന്നിരിക്കുകയാണ്. ഈ രംഗത്തെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തി സംരംഭകർക്ക് വരുമാന വർധനവ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുത്തൻ ചുവട് വയ്പ്. കുടുംബശ്രീ ബസാർഡോട്ട്‌കോം കൂടാതെ ആമസോൺ സഹേലി, ഫ്‌ളിപ്കാർട്ട് എന്നിവയിലൂടെയും ഉൽപന്ന വിപണനം കാര്യക്ഷമമാക്കിയിട്ടുണ്ട്.
കുടുംബശ്രീ മുഖേന സംസ്ഥാനത്ത് ഇപ്പോൾ 1108 ജനകീയ ഹോട്ടലുകൾ പ്രവർത്തിക്കുന്നു. അമൃതം ന്യൂട്രിമിക്‌സ് നിർമിച്ചു വിതരണം ചെയ്യുന്ന 'ന്യൂട്രിമിക്‌സ്' പദ്ധതി, ശുചിത്വ മിഷൻ, ക്ലീൻ കേരള കമ്പനി എന്നിവയുമായി സഹകരിച്ച് അജൈവ മാലിന്യ സംസ്‌കരണത്തിനായി സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ഹരിതകർമ്മസേന, കെട്ടിട നിർമാണരംഗത്ത് സ്ത്രീപ്രാതിനിധ്യം ഉറപ്പിക്കുന്നതിൻറെ ഭാഗമായി വനിതാ കെട്ടിട നിർമ്മാണ യൂണിറ്റുകൾ, 'എറൈസ്' മൾട്ടി ടാസ്‌ക് ടീമുകൾ എന്നിവയും കുടുംബശ്രീ വിജയിപ്പിച്ച പദ്ധതികളാണ്. കൊച്ചി റെയിൽ മെട്രോയുടെ 24 സ്റ്റേഷനുകളിലും ജോലി ചെയ്യുന്നത് കുടുംബശ്രീ വനിതകളാണ്. നിലവിൽ 555 വനിതകൾ ഇവിടെയുണ്ട്. കൊച്ചി വാട്ടർ മെട്രോയിലും തിളങ്ങുന്നത് കുടുംബശ്രീയുടെ പെൺകരുത്താണ്.
സാമൂഹ്യ സുരക്ഷാ മേഖലയിൽ പാവപ്പെട്ടവർക്ക് തണലൊരുക്കുന്ന പ്രവർത്തനങ്ങൾ കുടുംബശ്രീ നടത്തുന്നുണ്ട്. അഗതികൾ, നിരാലംബർ, മാനസിക ബൗദ്ധിക വെല്ലുവിളികൾ നേരിടുന്നവർ,പാർശ്വവൽക്കരിക്കപ്പെട്ടവർ എന്നിവരെയെല്ലാം സമൂഹത്തിൻറെ മുഖ്യധാരയിലേക്ക് കൊണ്ടു വരുന്നതിനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അഗതികുടുംബങ്ങളുടെ അതിജീവന ഉപജീവന മാനസിക ആവശ്യങ്ങൾ ലഭ്യമാക്കിക്കൊണ്ട് അവർക്ക് കരുതലും സുരക്ഷയും ഒരുക്കുന്നതിനായി നടപ്പാക്കുന്ന അഗതിരഹിത കേരളം പദ്ധതിയാണ് അതിൽ ഏറ്റവും ശ്രദ്ധേയം. തദ്ദേശ സ്ഥാപനങ്ങൾ, ആരോഗ്യ വകുപ്പ്, മറ്റ് സന്നദ്ധ സംഘടനകൾ എന്നിവയുമായി സഹകരിച്ചുകൊണ്ട് നടപ്പാക്കുന്ന ഈ പദ്ധതി സംസ്ഥാനത്ത് 1,57,382 അഗതി കുടുംബങ്ങൾക്ക് താങ്ങും തണലുമാകുന്നു.
സാമൂഹ്യ സുരക്ഷാ മേഖലയിൽ കുടുംബശ്രീയുടെ ഏറ്റവും ശക്തമായ ഇടപെടലിന്റെ ഉദാഹരണമാണ് ബഡ്‌സ് സ്‌കൂളും പുനരധിവാസ കേന്ദ്രങ്ങളും ഉൾപ്പെടെയുള്ള ബഡ്‌സ് സ്ഥാപനങ്ങൾ. 11092 ഭിന്നശേഷി വിദ്യാർത്ഥികൾക്ക് 330 ബഡ്‌സ് സ്ഥാപനങ്ങളിൽ പരിശീലനം നൽകി അവരെ സമൂഹത്തിൻറെ മുഖ്യധാരയിലേക്ക് കൊണ്ടു വരുന്നതിനുള്ള പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്. സംസ്ഥാനത്ത് 28528 ബാലസഭകളിൽ അംഗങ്ങളായ 4,26,509 കുട്ടികളുടെ വ്യക്തിത്വ വികസനത്തിനും സാമൂഹിക ശാക്തീകരണത്തിനും അതോടൊപ്പം വികസന പ്രക്രിയയിൽ പങ്കാളിത്തം വഹിക്കാൻ പ്രാപ്തരാക്കുന്നതിനുമുള്ള പ്രവർത്തനങ്ങളും നടന്നു വരുന്നു. കാസർഗോഡ് കന്നഡ മേഖലയിലെ വനിതകളുടെ സമഗ്ര വികസനം ലക്ഷ്യമിട്ടു കൊണ്ട് 'കന്നഡ സ്‌പെഷ്യൽ പ്രോജക്ട്' പദ്ധതിക്ക് കുടുംബശ്രീ തുടക്കമിട്ടു കഴിഞ്ഞു. ആധുനിക കാലത്തെ സാധ്യത പരമാവധി പ്രയോജനപ്പെടുത്താനും പുതിയ പദ്ധതികൾ ഏറ്റെടുക്കാനും അംഗങ്ങളെ പ്രാപ്തരാക്കാനായി സ്‌കൂൾ വിദ്യാഭ്യാസ കാലത്തെ പുനരവതരിപ്പിക്കുന്ന മാതൃകയിൽ ബാക്ക് ടു സ്‌കൂൾ പദ്ധതി ആരംഭിച്ചിട്ടുണ്ട്.
സ്ത്രീ പദവി സ്വയംപഠന പ്രക്രിയ, അതിക്രമങ്ങൾ നേരിടേണ്ടി വരുന്ന സ്ത്രീകൾക്കും കുട്ടികൾക്കുമായി 14 ജില്ലകളിലും അട്ടപ്പാടിയിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്‌നേഹിത ജെൻഡർ ഹെൽപ് ഡെസ്‌ക്, പ്രാദേശികലത്തിൽ സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിനായി 19,326 വിജിലൻറ് ഗ്രൂപ്പുകൾ, 803 ജെൻഡർ റിസോഴ്‌സ് സെൻററുകൾ, 140 മാതൃകാ ജെൻഡർ റിസോഴ്‌സ് സെൻററുകൾ, 304 സ്‌കൂളകളിലും 70 കോളേജുകളിലും ജെൻഡർ ക്‌ളബ്ബുകൾ, 360 കമ്മ്യൂണിറ്റി കൗൺസിലർമാർ എന്നിവ ഉൾപ്പെടെ വളരെ വിപുലമായ സംവിധാനങ്ങൾ വഴി സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷയൊരുക്കുന്നതിനുളള പ്രവർത്തനങ്ങൾ കുടുംബശ്രീയുടെ നേതൃത്വത്തിൽ നടപ്പാക്കുന്നു. സ്വയംപ്രതിരോധത്തിനും ആത്മവിശ്വാസം വളർത്തുന്നതിനും സ്ത്രീകൾക്ക് കരാട്ടേ പരിശീലനം നൽകുന്ന 'ധീരം' പദ്ധതിക്കും കുടുംബശ്രീ തുടക്കമിട്ടിട്ടുണ്ട്.
നാഷണൽ റിസോഴ്‌സ് ഓർഗനൈസേഷൻ മുഖേന ഇന്ത്യയിലെ 24 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും സ്ത്രീശാക്തീകരണ ദാരിദ്ര്യ നിർമാർജന പ്രവർത്തനങ്ങൾ നടപ്പാക്കിക്കൊണ്ട് അവിടുത്ത ദരിദ്ര വനിതകൾക്കും അവരുടെ കുടുംബങ്ങൾക്കും അഭയകേന്ദ്രമാവുകയാണ് കേരളത്തിൻറെ കുടുംബശ്രീ. ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം, ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന, സ്റ്റാർട്ടപ് വില്ലേജ് എൻറർപ്രണർഷിപ് പ്രോഗ്രാം, ദേശീയ നഗര ഉപജീവന ദൗത്യം, പ്രധാനമന്ത്രി ആവാസ് യോജന എന്നീ കേന്ദ്രാവിഷ്‌കൃത പദ്ധതികൾ സംസ്ഥാനത്ത് നടപ്പാക്കുന്നത് കുടുംബശ്രീയാണ്. തെരുവിൽ അലഞ്ഞു നടക്കുന്ന നഗരദരിദ്രർക്കായി ദേശീയ നഗര ഉപജീവന ദൗത്യം-പദ്ധതിയുടെ ഭാഗമായി അഭയകേന്ദ്രങ്ങളും തെരുവോര കച്ചവടക്കാർക്ക് പുതിയ സംരംഭം ആരംഭിക്കുന്നതിനായി പ്രവർത്തന മൂലധനവും തിരിച്ചറിയിൽ കാർഡും നൽകുന്നുണ്ട്. കൂടാതെ ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനുള്ള സഹായം, ആധാർ, ലൈസൻസ് എന്നിവയടക്കം ലഭ്യമാക്കുകയും ചെയ്യുന്നു.
പ്രളയക്കെടുതിയിൽ വീടും ഉപജീവന മാർഗങ്ങളും ഉൾപ്പെടെ ഏറെ നാശനഷ്ടങ്ങൾ നേരിടേണ്ടി വന്നപ്പോഴും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി രൂപ സംഭാവന ചെയ്തു കൊണ്ട് നാടിനു തുണയാകാൻ തങ്ങൾ ഒപ്പമുണ്ടെന്ന് കുടുംബശ്രീ സഹോദരിമാർ തെളിയിച്ചു. കുടുംബശ്രീക്ക് ശക്തമായ ഒരു യുവനിരയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ 19,544 ഓക്‌സിലറി ഗ്രൂപ്പുകൾക്ക് രൂപം നൽകി. ഓക്‌സിലറി ഗ്രൂപ്പുകളിലെ വിദ്യാസമ്പന്നരായ യുവതികളുടെ ബൗദ്ധിക ശേഷിയും ഊർജ്ജസ്വലതയും പ്രയോജനപ്പെടുത്തിക്കൊണ്ട് സംസ്ഥാനമൊട്ടാകെ സംരംഭ രൂപീകരണം പ്രോത്സാഹിപ്പിക്കുന്നതിനായി തുടക്കമിട്ട 'ഷീ സ്റ്റാർട്ട്‌സ്' പദ്ധതിക്ക് ഇന്ന് ഏറെ സ്വീകാര്യത ലഭിച്ചു കഴിഞ്ഞു. എൻ.യു.എൽ.എം പദ്ധതി വഴി നഗരമേഖലയിലെ നഗരദരിദ്രരുടെ ജീവിത നിലവാരം ഉയർത്തുന്നതിലും സംഘടനാ സംവിധാനം കെട്ടിപ്പടുക്കുന്നതിലും ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും നടപ്പാക്കുന്ന എൻ.യു.എൽ.എം പദ്ധതി സംസ്ഥാനത്ത് മികച്ച രീതിയിൽ നടപ്പാക്കിയതിന് തുടർച്ചയായി ആറു തവണ ദേശീയ പുരസ്‌കാരവും കുടുംബശ്രീക്ക് ലഭിച്ചിട്ടുണ്ട്.
ഇരുപത്തിയഞ്ച് വർഷം പൂർത്തിയാകുമ്പോൾ സാമ്പത്തികവും സാമൂഹികവുമായ ശാക്തീകരണത്തിലൂടെ, സ്ത്രീശാക്തീകരണം എന്ന മഹനീയ ലക്ഷ്യം അതിന്റെ സമഗ്രതയിൽ കൈവരിക്കാൻ കുടുംബശ്രീക്ക് സാധിച്ചിട്ടുണ്ട്. അടുക്കളയുടെ നാല് ചുവരുകൾക്കുള്ളിൽ നിന്നും അധികാര കസേരയിലേക്ക് വരെ എത്താൻ കഴിഞ്ഞ അയൽക്കൂട്ട വനിതകൾ നിരവധിയാണ്. ഇപ്രകാരം കേരളീയ സ്ത്രീസമൂഹത്തെ മുന്നോട്ടു നയിച്ചു കൊണ്ടും പ്രാദേശിക സാമ്പത്തിക വികസന പ്രക്രിയക്ക് കരുത്തേകിയും പുതിയ വികസന ചക്രവാളങ്ങൾ എത്തിപ്പിടിക്കാനാണ് കുടുംബശ്രീയുടെ പരിശ്രമങ്ങൾ. സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക കലാ രംഗത്തെ വികസന പ്രക്രിയയിലും ശാക്തീകരണ പ്രവർത്തനങ്ങളിലും നിർണായക ഭാഗധേയം വഹിച്ചു കൊണ്ട് ലോകത്തിനു മാതൃകയായി ഈ പ്രസ്ഥാനം ഇനിയും ഉയർന്നു നിൽക്കും. അടുക്കളയിൽ നിന്ന് അരങ്ങത്തേക്കും അധികാരശ്രേണിയിലേക്കും സമഗ്രശാക്തീകരണത്തിലേക്കും സ്ത്രീകളെ നയിച്ചുകൊണ്ട്.
ലൈഫായി ലൈഫ് മിഷൻ
തലചായ്ക്കാനിടമില്ലാത്ത ആശയറ്റവർക്ക് അടച്ചുറപ്പുള്ള വീട് എന്നും സ്വപ്നമാണ്. പ്രകൃതി ദുരന്തങ്ങളുടേയും ജീവിത ദുരിതങ്ങളുടേയും ഭാരവും പേറി നടക്കുന്നവർക്ക് സുരക്ഷിത ഭവനങ്ങളൊരുക്കി അവരെ ചേർത്തു പിടിക്കുകയാണ് സംസ്ഥാന സർക്കാർ. ലൈഫ് മിഷനിലൂടെ 3,54,712 കുടുംബങ്ങൾക്കാണ് കഴിഞ്ഞ സെപ്തംബർ 30 വരെ സർക്കാർ തണലൊരുക്കിയത്. ഇതോടൊപ്പം 1,20,579 വ്യക്തിഗത ഭവനങ്ങളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. ആരേയും മാറ്റിനിർത്താതെ ഒപ്പം ചേർത്ത് നിശ്ചയദാർഢ്യത്തോടെ ജനതാൽപര്യത്തിനൊപ്പം ജനനന്മക്കായി മുന്നേറുകയാണ് ജനകീയ സർക്കാരും.
നവകേരളം സൃഷ്ടിക്കുന്നതിനായി രൂപംകൊടുത്ത നവകേരളം കർമ്മപരിപാടിയിലെ സുപ്രധാന മിഷനാണ് സമ്പൂർണ്ണ പാർപ്പിട പദ്ധതിയായ ലൈഫ് മിഷൻ. കേരളത്തിലെ പാർപ്പിട രംഗം നേരിടുന്ന ബഹുവിധമായ പ്രശ്‌നങ്ങൾക്ക് തനതായ പരിഹാര സമീപനങ്ങളാണ് ലൈഫ് മിഷനിലൂടെ ആവിഷ്‌കരിച്ച് നടപ്പാക്കിവരുന്നത്. സംസ്ഥാന സർക്കാരിൻറെ വിവിധ വകുപ്പു പദ്ധതികളിലൂടെ തുടങ്ങിവച്ചിരുന്നതും പൂർത്തിയാകാത്തതുമായ ഭവന നിർമാണങ്ങളും സർക്കാരിെ പുതിയ പദ്ധതിയിലേക്ക് ഏറ്റെടുത്ത് ജീവനോപാധി കൂടി ഉറപ്പാക്കിക്കൊണ്ടുള്ള ബൃഹത് പദ്ധതിയാണ് ലൈഫ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും സർക്കാരിൻറേയും നേതൃത്വത്തിലുള്ള സംയുക്ത പദ്ധതിയാണിത്. കേന്ദ്ര ഭവന പദ്ധതികളിലെ സബ്‌സിഡി തുക കുറവായതിനാൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംസ്ഥാന സർക്കാരും ചേർന്ന് ബാക്കി തുക കണ്ടെത്തി വേർതിരിവില്ലാതെ സംസ്ഥാന നിരക്കിലാണ് ധനസഹായം നൽകുന്നത്. ലൈഫ് മിഷൻ മുഖേന 4,75,291 ഗുണഭോക്താക്കൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി നാളിതുവരെ കരാറിലേർപ്പെട്ടിട്ടുണ്ട്.
വാർദ്ധക്യ രോഗികളും ക്ലേശമനുഭവിക്കുന്നവരുമായ കുടുംബാംഗങ്ങളെ സംരക്ഷിക്കാനും വരുംതലമുറയെ സാമൂഹിക ബോധമുള്ള നല്ല പൗരജനങ്ങളായി വളർത്തിയെടുക്കാനും ഉതകുന്ന ഇടങ്ങളുണ്ടാകണമെന്ന സമീപനത്തിൽ അധിഷ്ഠിതമാണ് ലൈഫ് മിഷന്റെ പ്രവർത്തനങ്ങൾ. ഇതിനുപുറമെ സ്വന്തമായി തൊഴിൽ ചെയ്ത് ഉപജീവനം നിർവ്വഹിക്കുന്നതിനും സാമൂഹിക പ്രക്രിയകളിൽ മാന്യമായി ഭാഗഭാക്കാകുന്നതിനും സാമ്പത്തിക സേവനങ്ങൾ ഉൾപ്പെടെ എല്ലാ സാമൂഹിക ക്ഷേമപദ്ധതികളുടെയും പ്രയോജനം ലഭിക്കുന്നതിനും ഉതകുന്ന വിധത്തിലുള്ള ശാക്തീകരണ പ്രക്രിയ ഇതിൽ ഉൾച്ചേർത്തിട്ടുണ്ട്.
വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കി പാവപ്പെട്ടവരുടെ മുഖങ്ങളിൽ പ്രതീക്ഷയുടെ ചെറുചിരികൾ വിരിയിച്ച് ലോക ജനതയ്ക്ക് മുന്നിൽ മാതൃകയാകുകയാണ് സംസ്ഥാന സർക്കാർ. സമൂഹിക സപ്ന്ദനം തിരിച്ചറിഞ്ഞ് സുരക്ഷിത ഭവനത്തോടൊപ്പം കരുതലും സേവനങ്ങളും ഉറപ്പാക്കി ജനജീവിതത്തിന് സുരക്ഷയുടെ കവചമൊരുക്കുകയാണ് ലൈഫ് മിഷനിലൂടെ.
കേരളത്തിെ മുഖച്ഛായയായി                                                                     ഐടി പാർക്കുകൾ
വികസനത്തിൻറെ പ്രതിഫലനമാണ് കേരളത്തിലെ ഐടി പാർക്കുകൾ. ഐടി, ഐടി ഇതര സേവനങ്ങളിലൂടെ സംസ്ഥാന സമ്പദ് വ്യവസ്ഥക്ക് കരുത്തുറ്റ സംഭാവനയായി മാറുകയാണിവ. സുസ്ഥിര ഐടി അന്തരീക്ഷം സ്വായത്തമാക്കാൻ ഉന്നമിടുന്ന മൂന്ന് ഐടി പാർക്കുകളിലായി ഒന്നരലക്ഷത്തോളം പേർ തൊഴിലെടുക്കുന്നുണ്ട്.
സംസ്ഥാന ഐടി മേഖലയിലെ അഭിമാന മുഖങ്ങളാണ് രാജ്യത്തെ ആദ്യ ഐടി പാർക്കായ ടെക്‌നോപാർക്കും, ഇൻഫോപാർക്കും സൈബർപാർക്കും. 2022- 23 ബഡ്ജറ്റിൽ വിഭാവനം ചെയ്ത കേരള ഐ.ടി കോറിഡോറിൻറെ ഭാഗമായാണ് തലസ്ഥാനത്ത് ടെക്‌നോപാർക്കും വ്യവസായ നഗരമായ കൊച്ചിയിൽ ഇൻഫോപാർക്കും വടക്കൻ കേരളത്തിെ സാംസ്‌കാരിക കേന്ദ്രമായ കോഴിക്കോട് സൈബർപാർക്കും ഇപ്പോൾ പ്രവർത്തിക്കുന്നത്. ഈ കഠ കോറിഡോറിൽ കണ്ണൂരിലും, കൊല്ലത്തുമുള്ള രണ്ടുപാർക്കുകളും, മറ്റ് ചെറിയ പാർക്കുകളും ഉൾപ്പെടുന്നു. സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഐ.ടി മേഖലകളിലെ സംരഭക വികസനത്തിനും വളർച്ചക്കും വേണ്ടിയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നത് കൂടാതെ സുസ്ഥിര ഐ.ടി അന്തരീക്ഷമാണ് സർക്കാർ ഐ.ടി പാർക്കുകൾ ലക്ഷ്യമിടുന്നത്.
നിലവിലെ കണക്ക് അനുസരിച്ച് 1,50,000 ത്തിൽ അധികം പ്രൊഫഷനലുകൾ 1200 ഓളം കമ്പനികളിലായി ഐ.ടി പാർക്കുകളിൽ ജോലി ചെയ്യുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങൾക്ക് പുറമെ കൂടുതൽ വിശാലവും സമഗ്രവുമായ സാധ്യതകൾ നൽകുന്ന സ്ഥാപനം എന്ന നിലയിലേക്ക് ഐടി പാർക്കുകൾ മാറിയിരിക്കുന്നു. അത്യാധുനിക സൗകര്യങ്ങളിലൂടെ നിക്ഷേപകരെ ആകർഷിക്കാനും അവർക്ക് വളരാനുമുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.
ഐടി പാർക്കുകളിലേക്ക് എത്തുന്ന കമ്പനികൾക്ക് ലോകോത്തര സൗകര്യങ്ങൾ ലഭ്യമാക്കി ഐടി വിപ്ലവത്തിന് അടിത്തറ പാകുകയാണ് സംസ്ഥാന സർക്കാർ. ആർക്കും അവലംബിക്കാവുന്ന മാതൃകയിലൂടെ വികസനക്കുതിപ്പിലേക്കാണ് ഈ യാത്ര.
ആശ്വാസ തുരുത്തായി പുനർഗേഹം
തീരദേശജനതക്ക് ആകുലതകളുടെ വേലിയേറ്റത്തിൽ നിന്നും ആശ്വാസത്തിൻറെ പച്ചതുരുത്തായി മാറുകയാണ് പുനർഗേഹം. ഉറക്കമില്ലാത്ത രാവുകളും നഷ്ടങ്ങളുടെ വേദനയും സമ്മാനിച്ച കറുത്ത ദിനങ്ങളിൽ നിന്നും 3917(3527 വീടുകളും 390 ഫ്‌ലാറ്റുകളും. നിർമാണത്തിലിരിക്കുന്ന 944 ഫ്‌ലാറ്റുകൾ കൂടി കണക്കിലെടുത്താൽ, ആകെ 4861) കുടുംബങ്ങളെയാണ് ഇതുവരെ പ്രതീക്ഷകളുടെ തീരത്തേക്ക് സംസ്ഥാന സർക്കാർ കൈപിടിച്ചുയർത്തിയത്.
നിരന്തരമായ കടലാക്രമണവും കാലാവസ്ഥാ വ്യതിയാനത്താലുള്ള സമുദ്രജലനിരപ്പുയരലും തീരശോഷണവും മൂലം ദുരിതമനുഭവിക്കുന്ന വിഭാഗമാണ് തീരദേശവാസികൾ. ദുരന്തമുഖത്ത് നിന്നും വസ്തുവകകൾ നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയാൻ വിധിച്ചിരുന്നവർക്ക് ആശ്വാസമേകണമെന്ന നിശ്ചയദാർഢ്യത്തിൻറെ ഫലമായിട്ടാണ് പുനർഗേഹം എന്ന ബൃഹത് പദ്ധതി സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്നത്. തീരദേശത്തെ വേലിയേറ്റരേഖയിൽ നിന്നും 50 മീറ്റർ പരിധിക്കുള്ളിൽ അധിവസിക്കുന്ന മുഴുവൻ കുടുംബങ്ങളേയും സുരക്ഷിത മേഖലയിലേയ്ക്ക് പുനരധിവസിപ്പിക്കുന്നതിന് 2450 കോടി രൂപ അടങ്കൽ തുകയുള്ള പദ്ധതിയാണ് പുനർഗേഹം. പദ്ധതി നടപ്പാക്കുന്നതിന് 1398 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ബാക്കി 1052 കോടി രൂപ ഫിഷറീസ് വകുപ്പിൻറെ ബജറ്റ് വിഹിതത്തിൽ നിന്നുമാണ് കണ്ടെത്തുന്നത്.സുരക്ഷിത മേഖലയിൽ ഭവനം നിർമ്മിക്കുന്നതിലൂടെ കടലാക്രമണം ഉൾപ്പെടെയുള്ള പ്രകൃതി ദുരന്തങ്ങളിൽ നിന്നും തീരദേശജനതയെ മുക്തരാക്കാവാനും അവർക്ക് സുരക്ഷിത ബോധത്തോടെ ജീവിച്ചു മുന്നേറാനും സാമ്പത്തികമായി ഉയരാനും സാധിക്കും. സർക്കാരിെ പ്രതിബദ്ധതയിൽ 2025 നകം 21,045 കുടുംബങ്ങളേയും കടലോളമുള്ള കണ്ണീരിൻറെ ഉപ്പിൽ നിന്നും കരകയറ്റുകയാണ് പുനർഗേഹത്തിലൂടെ.
കരുത്തുറ്റ സ്റ്റാർട്ടപ്പ് അന്തരീക്ഷമായി കേരളം
കരുത്തുറ്റ ആശയങ്ങളുണ്ടോ?. സാമൂഹിക പ്രശ്‌നങ്ങളെ തരണം ചെയ്യാനുള്ള സാങ്കേതിക പ്രതിവിധി രൂപപ്പെടുത്താൻ പര്യാപ്തമായ ആശയങ്ങൾ.  എങ്കിൽ സർക്കാർ പിന്തുണയിൽ അവയെ സ്റ്റാർട്ടപ്പുകളായി ഉയർത്താം. 4700 സ്റ്റാർട്ടപ്പുകളാണ് ഇത്തരത്തിൽ സംരംഭകത്വ സംസ്‌കാരത്തിൻറെ നേർചിത്രമായി സംസ്ഥാനത്ത് വളർന്നത്. യുവജനങ്ങളെ തൊഴിലന്വേഷകരിൽ നിന്നും വിദഗ്ധരായ തൊഴിൽദാതാക്കളാക്കി മാറ്റി സംസ്ഥാന സമ്പദ് വ്യവസ്ഥയ്ക്ക് മുതൽക്കൂട്ടാകുകയാണ് സ്റ്റാർട്ടപ്പ് മിഷനിലൂടെ സംസ്ഥാന സർക്കാർ.
സംരംഭകത്വ സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിനും സാങ്കേതിക സംരംഭകരെ വാർത്തെടുക്കുന്നതിനും 2002 ൽ ടെക്‌നോപാർക്കിൽ ടെക്‌നോളജി ബിസിനസ് ഇൻകുബേഷൻ സെൻററായി പ്രവർത്തനം ആരംഭിച്ച സ്റ്റാർട്ടപ്പ് മിഷൻ 2014ലോടു കൂടി സംസ്ഥാന സർക്കാരിൻറെ നോഡൽ ഏജൻസിയായി മാറി. 4700 സ്റ്റാർട്ടപ്പുകൾ, 64 ഇൻകുബേറ്ററുകൾ, 450 ഇന്നൊവേഷൻ കേന്ദ്രങ്ങൾ, 10 ലക്ഷം ചതുരശ്ര അടി തൊഴിലിടം തുടങ്ങിയ നേട്ടങ്ങളിലൂടെ രാജ്യത്തെ ഏറ്റവും മികച്ച സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയായി ഇന്ന് കേരളം മാറി. സംസ്ഥാന ബജറ്റിൽ സ്റ്റാർട്ടപ്പ് നയം പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം.
ലോകോത്തര സാങ്കേതിക വിദ്യകൾക്കനുസൃതമായി സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകളെ ശക്തമാക്കുവാനും നൈപുണ്യ പരിശീലനവും വൈദഗ്ധ്യവും മാർഗനിർദേശവും മറ്റു പിന്തുണകളും ലഭ്യമാക്കുന്നതിനുമായി 2019 ൽ കൊച്ചിയിൽ ഇൻറഗ്രേറ്റഡ് സ്റ്റാർട്ടപ്പ് സമുച്ചയം യാഥാർഥ്യമാക്കി. ഫാബ് ലാബുകളിലൂടേയും സാങ്കേതിക പിന്തുണ നൽകുന്നുണ്ട്. പരമ്പരാഗത സോഫ്റ്റ് വെയർ ഐടി മേഖലയിൽ നിന്ന് മാറി ഇലക്ട്രോണിക്‌സ്, ഉത്പന്നനിർമ്മാണം മുതലായ തലങ്ങളിലേക്ക് കൂടി സ്റ്റാർട്ടപ്പുകളുടെ സാധ്യത വ്യാപിപ്പിച്ചിട്ടുണ്ട്. അക്കാദമിക സമൂഹം, വ്യവസായം, ഗവേഷണ സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പുകൾ മുതലായവയെ സംയോജിപ്പിച്ചുള്ള രാജ്യത്തെ ഏക സുസ്ഥിര സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥയാണ് കേരളത്തിലേത്.
മികച്ച സാങ്കേതിക പ്രതിവിധികൾ രൂപപ്പെടുത്തുന്നതിന് അനുയോജ്യമായ ആശയങ്ങൾക്ക് ഐഡിയ ഗ്രാൻറ്, മൂല്യവത്തായ ആശയങ്ങളെ ഉൽപ്പന്നങ്ങളാക്കി മാറ്റുന്നതിനുള്ള പ്രൊഡക്ടൈസേഷൻ ഗ്രാൻറ്, സ്റ്റാർട്ടപ്പുകളുടെ പരിധി ഉയർത്തുന്നതിനുള്ള സ്‌കെയിൽ-അപ്പ് ഗ്രാൻറ്, വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വുമൺ പ്രൊഡക്ടൈസേഷൻ ഗ്രാൻറ്, സ്റ്റാർട്ടപ്പുകളുടെ ഉത്പന്നവികസനത്തിനു സഹായകരമായ ഗവേഷണം നടത്തുവാനും ഗവേഷണസ്ഥാപനങ്ങളിൽ വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യകൾ സ്റ്റാർട്ടപ്പുകളുടെ സഹായത്തോടെ  വിപണിയിലേക്ക് എത്തിക്കുവാനും സ്റ്റാർട്ടപ്പ്  റിസർച് ഗ്രാൻറ് എന്നിവ സർക്കാർ 2018 മുതൽ ലഭ്യമാക്കുന്നുണ്ട്. സീഡ് ഫണ്ടിംഗ്,  ഫണ്ട് ഓഫ് ഫണ്ട്‌സ്, ഇക്വിറ്റി ഫണ്ടിംഗ്  എന്നിവയിലൂടെ നിക്ഷേപക പിൻതുണ നൽകുന്നുണ്ട്. സബ്‌സിഡി നിരക്കിലുള്ള വായ്പകളും ലഭ്യമാണ്.
മികച്ച ആശയങ്ങൾ സമാഹരിക്കുന്നതിനുള്ള ഹാക്കത്തോണുകൾ, ക്ലൈമത്തോൺ, കാൻസർടെക്, ഹെൽത്ത്‌ടെക്, ഫിൻടെക്, ആക്‌സിലറേറ്റർ ഇൻകുബേഷൻ പരിപാടികളും നടത്തിവരുന്നുണ്ട്. സ്റ്റാർട്ടപ്പുകളുടെ ഉത്പന്നങ്ങൾക്ക് വിപണി കണ്ടെത്തുന്നതിള്ള വേദിയാണ് ബിഗ് ഡെമോ ഡേ. രാജ്യത്തെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാർട്ടപ്പ് ഫെസ്റ്റിവലായ ഹഡിൽ ഗ്ലോബൽ, നിക്ഷേപക സംഗമമെന്ന് വിശേഷിപ്പിക്കാവുന്ന സീഡിംഗ് കേരള, നിക്ഷേപക വിദ്യാഭ്യാസ പരിപാടി, പ്രവാസി സ്റ്റാർട്ടപ്പ് പദ്ധതി, ഇൻകുബേഷൻ പദ്ധതി, ഫെയിൽ ഫാസ്റ്റ് ഓർ സക്‌സീഡ് എന്നിവയും സ്റ്റാർട്ടപ്പ്  മിഷൻ സംഘടിപ്പിക്കുന്നുണ്ട്. വിദ്യാർത്ഥി സംരംഭകരെ വാർത്തെടുക്കാനുള്ള അഭിമാന പദ്ധതിയായി കോളേജുകൾ കേന്ദ്രീകരിച്ച് കേരള സ്റ്റാർട്ട്പ്പ് മിഷൻ വികസിപ്പിച്ച ഐ ഇ ഡി സികൾ  (ഇന്നൊവേഷൻ ആൻഡ് എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് സെന്റർ) 450 കോളേജുകളിൽ നിലവിൽ പ്രവർത്തിക്കുന്നു.
വനിതാ സ്റ്റാർട്ടപ്പുകളുടെ പ്രവർത്തനം സുഗമമാക്കുന്ന വനിതാ സംരംഭക ഉച്ചകോടി, ഷീ ലവ്‌സ് ടെക്, മുതലായ പരിപാടികളും സ്‌കീമുകളും വായ്പാ സഹായ പദ്ധതികളും സംസ്ഥാനം ആസൂത്രണം ചെയ്തിട്ടുണ്ട്. പ്രാദേശിക ഭാഷകളിലെ വിവരവിനിമയത്തിലൂടെയും സ്റ്റാർട്ടപ്പുകൾക്ക് സർക്കാർ പിന്തുണ ലഭ്യമാക്കുന്നുണ്ട്. സ്റ്റാർട്ടപ്പുകളെ ശക്തിപ്പെടുത്തുന്നതിന് ഉന്നതവിദ്യാഭ്യാസം, പോലീസ്, കായിക- യുവജനകാര്യം, വിനോദ സഞ്ചാരം തുടങ്ങി പത്തിലധികം സർക്കാർ വകുപ്പുകളുമായി സംസ്ഥാന സർക്കാർ കൈകോർത്തിട്ടുണ്ട്.
ഒട്ടേറെ വിജയഗാഥകൾ സംസ്ഥാനത്തെ സ്റ്റാർട്ടപ്പ് ചരിത്രത്തിൽ ഇടംപിടിച്ചിട്ടുണ്ട്.  കേരള സ്റ്റാർട്ടപ്പ് മിഷന്റെ പിന്തുണയുള്ള ഫിൻടെക് സ്റ്റാർട്ടപ്പായ ഓപ്പൺ ഫിനാൻഷ്യൽ ടെക്‌നോളജീസ് കേരളത്തിൽ നിന്നുള്ള ആദ്യ യൂണികോൺ സ്റ്റാർട്ടപ്പ് എന്ന നേട്ടം കരസ്ഥമാക്കി. രാജ്യത്തെ യൂണികോൺ സംരംഭങ്ങളുടെ പട്ടികയിൽ നൂറാമതായാണ് ഓപ്പൺ ഇടംനേടിയത്. 2021-22ൽ ലോകത്തിലെ ഒന്നാം നമ്പർ പൊതു ബിസിനസ് ആക്‌സിലറേറ്ററായി സ്റ്റാർട്ടപ്പ് മിഷൻ തെരഞ്ഞെടുക്കപ്പെട്ടു. സ്റ്റാർട്ടപ്പ് ഇന്ത്യയുടെ ദേശീയ റാങ്കിംഗിൽ തുടർച്ചയായി ബെസ്റ്റ് പെർഫോർമർ പുരസ്‌ക്കാരം ലഭിച്ചു. ഡിപിഐഐടിയുടെ റാങ്കിങ്ങിൽ 2018, 2019, 2020 എന്നീ വർഷങ്ങളിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച് ഹാട്രിക് നേടി. ഇന്നൊവേഷൻ ആൻഡ് പബ്ലിക് പോളിസിയിൽ മുഖ്യമന്ത്രിയുടെ പുരസ്‌ക്കാരം ലഭിച്ചു. ലോകത്തിലെ രണ്ടാമത്തെ മികച്ച സയൻസ് ബേസ്ഡ് ഇൻകുബേറ്ററിനുള്ള പുരസ്‌ക്കാരം നേടാനായി.സമൂഹിക ഉന്നമനത്തിൽ  സ്റ്റാർട്ടപ്പ് മിഷൻറെ പങ്ക് നിസ്തുലമാണ്.  സംരംഭകത്വം എന്നത് കയ്യിൽ പണമുള്ളവർക്ക് മാത്രം ചെയ്യാവുന്ന കാര്യമല്ലെന്നും അതിന് കഠിനാധ്വാനവും ഉൾക്കാഴ്ചയുമാണ് വേണ്ടതെന്നും സംസ്ഥാനത്തെ യുവതലമുറയോട് ആവർത്തിച്ച് പറയുകയാണ് കേരള സ്റ്റാർട്ടപ്പ് മിഷൻ.
കൃഷിഭൂമി കർഷകന് സ്വന്തം
മണ്ണിൽ വിയർപ്പൊഴുക്കുന്ന കർഷർക്ക് ഭൂമിയിൽ അവകാശമില്ലാതിരുന്ന അവസ്ഥമാറി സമ്പത്തിന്റെ നീതിപൂർവകമായ വിതരണമാണ് ഭൂപരിഷ്‌കരണത്തിലൂടെ യാഥാർത്ഥ്യമായത്. കേരള വികസന മാതൃകയ്ക്ക് അടിത്തറ പാകിയ ആ മുന്നേറ്റം സ്വാതന്ത്യത്തിനു ശേഷം കേരളം കണ്ട ഏറ്റവും വലിയ സാമൂഹിക പരിവർത്തനമായി. ഭൂമിയുടെ ഉടമസ്ഥതയും കൈവശാവകാശവും നിർണയിക്കുന്ന സമ്പ്രദായത്തിൽ മാറ്റം വന്നു. കൈവശഭൂമിക്ക് പരിധി നിശ്ചയിക്കുക, ഭൂവിതരണം പുനക്രമീകരിക്കുക, കൈമാറ്റം നിയന്ത്രിക്കുക എന്നിവയായിരുന്നു ലക്ഷ്യം. യഥാർത്ഥത്തിൽ കാർഷിക പരിഷ്‌കരണമാണ് നടന്നത്.
കേരളത്തിലെ ഭൂവുടമ ബന്ധങ്ങൾക്ക് ഏകമാനസ്വഭാവമില്ലായിരുന്നു. ഭൂമിയുടെ ഉടമസ്ഥരും എന്നാൽ ഭൂമിയിൽ പണിയെടുക്കാത്തവരുമായ ജൻമിമാർ, ഭൂമി പാട്ടത്തിന് എടുത്തോ സ്വന്തം ഭൂമിയിലോ കൃഷി ചെയ്യുന്ന കൃഷിക്കാർ, ഭൂരഹിതരായ കർഷകത്തൊഴിലാളികൾ.  ഇങ്ങനെ മൂന്ന് വിഭാഗക്കാർ കാർഷികമേഖലയിൽ ഉണ്ടായിരുന്നു.
1957 ൽ ആദ്യ ഇഎംഎസ് സർക്കാർ അധികാരമേറ്റപ്പോൾ ഒഴിപ്പിക്കൽ നിരോധിച്ചുകൊണ്ട് നിയമം പാസാക്കി. തുടർന്ന് കടാശ്വാസം, അക്രമപ്പിരിവുകൾ അവസാനിപ്പിക്കൽ, ചമയങ്ങൾക്കുള്ള നഷ്ടപരിഹാരം തുടങ്ങിയ ഉത്തരവുകൾ വന്നു. ഇതിനെ തുടർന്നാണ് സമഗ്രമായ കാർഷിക നിയമം അവതരിപ്പിച്ചത്. മര്യാദപ്പാട്ടം താഴ്ത്തി നിശ്ചയിച്ചു. അതിന്റെ നിശ്ചിത മടങ്ങ് വില നൽകിയാൽ കൃഷിക്കാരന് ഭൂമി ഉടമസ്ഥനാകാം. അതോടൊപ്പം വ്യക്തിക്ക് 7.5 ഏക്കറും കുടുംബത്തിന് 15 ഏക്കറും ഭൂപരിധി നിശ്ചയിച്ചു. 7.5 ലക്ഷം ഹെക്ടർ മിച്ചഭൂമി ഉണ്ടാകുമായിരുന്നു. ഇത് ഭൂരഹിതരായ കർഷകത്തൊഴിലാളികൾക്ക് കൃഷിഭൂമിയായി നൽകും. അതായിരുന്നു കാർഷിക നിയമത്തിന്റെ ഉള്ളടക്കം. ആസൂത്രണ കമ്മിഷന്റെ നിർദേശപ്രകാരം തോട്ടവിളകളെ ഭൂപരിഷ്‌കരണത്തിൽ നിന്നും ഒഴിവാക്കേണ്ടിവന്നു.
ഭൂപരിഷ്‌കരണത്തിനു മുൻപ് 1966-67 ൽ കേരളത്തിൽ 12.7 ലക്ഷം കുടിയാൻമാരുണ്ടായിരുന്നു. പിന്നീട് ഈ വൻകിട ഭൂവുടമകൾ ഇല്ലാതായി. കൃഷി ഭൂമി ജൻമിമാരിൽ നിന്ന് കൃഷിക്കാരുടെ കൈയ്കളിലെത്തി. കേരളത്തിലെ ഭൂവുടമ ബന്ധങ്ങളിലും ജാതി വേർതിരിവുകളിലും കർഷകത്തൊഴിലാളികളുടെ ആത്മവിശ്വാസത്തിലും സാമൂഹിക വിദ്യാഭ്യാസ ആരോഗ്യ പുരോഗതിയിലും നിർണായകമാറ്റങ്ങൾ വന്നു.  ഇന്ന് സമഗ്ര കാർഷിക പരിഷ്‌കാരത്തിലൂന്നി കർഷക കൂട്ടായ്മയൊരുക്കി പുതിയ വിഹായസിലേക്കുള്ള പ്രയാണത്തിലാണ് കേരളം.

Post your comments