Global block

bissplus@gmail.com

Global Menu

സ്റ്റാർട്ടപ്പുകളുടെ വളർച്ച ... തിരുവനന്തപുരത്തിന്റെയും.

സ്റ്റാർട്ടപ്പുകൾ, വിശേഷിച്ച് സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ സ്റ്റാർട്ടപ്പുകൾ, വലിയ വളർച്ച കൈവരിച്ച ഒരു വർഷമാണ് കടന്ന് പോയത്. ഇന്ത്യയൊട്ടാകെ ദൃശ്യമായ ഈ വളർച്ച കേരളത്തിലും ശ്രദ്ധേയമായ രീതിയിൽ പ്രകടമായിരുന്നു. ₹1,650 കോടിയുടെ നിക്ഷേപമാണ് കേരളത്തിലെ സ്റ്റാർട്ടപ്പ് മേഖലയിൽ നിക്ഷേപമായി 2021ൽ ലഭിച്ചത്. ഇതിൽ ₹750 കോടി പെരിന്തൽമണ്ണ ആസ്ഥാനമായി എന്നാൽ ബാംഗ്ലൂർ പ്രധാന കേന്ദ്രമായി പ്രവർത്തിക്കുന്ന ഓപ്പൺ ബാങ്കിനാണ് ലഭിച്ചത്. ശേഷിക്കുന്ന ₹900 കോടിയിൽ തിരുവനന്തപുരത്തെ സ്റ്റാർട്ടപ്പുകൾ നേടിയത് ₹690 കോടിയാണ്. തിരുവനന്തപുരത്തെ സ്റ്റാർട്ടപ്പ് മേഖലയുടെ വളർച്ചയെ മനസിലാക്കാൻ ഈ ഡേറ്റ മതിയാകും.

സ്റ്റാർട്ടപ്പ് എന്ന പ്രയോഗം പ്രചാരത്തിൽ വരുന്നതിന് മുൻപ് തന്നെ പെൻപോൾ,  ഐബിഎസ്, സൺടെക്ക്, യുഎസ്ടി തുടങ്ങിയ തിരുവനന്തപുരം കേന്ദ്രീകരിച്ച കമ്പനികൾ വലിയ വളർച്ച കൈവരിച്ചിരുന്നു.  തിരുവനന്തപുരത്ത് നിന്ന് വളർന്ന അത്രയും പ്രാദേശിക കമ്പനികൾ ഇന്ത്യയിലെ മറ്റൊരു രണ്ടാം നിര നഗരങ്ങളിലും കാണാൻ സാധിക്കില്ല. ഇവിടെയാരംഭിച്ച്, പിന്നീട് മറ്റൊരു യുഎസ് കമ്പനിയുമായി ചേർന്ന് രൂപീകരിച്ച എൻവെസ്റ്റ്നെറ്റ് എന്ന കമ്പനി ഇന്ന് ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട് എന്നതും ഈ നഗരത്തിന് അഭിമാനിക്കാൻ വകയാണ്. ഇതോട് ചേർത്ത് വയ്ക്കാവുന്നതാണ് കെയർസ്റ്റാക്ക്, ജിഫി, ജൻറോബോട്ടിക്‌സ്, സാസ്‌കാൻ തുടങ്ങിയ സ്റ്റാർട്ടപ്പുകൾ.

കെയർസ്റ്റാക്കിലും ജിഫിയിലും ലോകത്തെ എണ്ണം പറഞ്ഞ വെൻച്വർ കാപ്പിറ്റൽ ഫണ്ടുകളാണ് നിക്ഷേപം നടത്തിയിരിക്കുന്നത്. ആനന്ദ് മഹീന്ദ്ര ഉൾപ്പടെയുള്ള പ്രമുഖർ നിക്ഷേപം നടത്തിയ ജൻറോബോട്ടിക്‌സ് ഇന്ന് ഇന്ത്യയിലെ അറിയപ്പെടുന്ന റോബോട്ടിക്ക് കമ്പനിയാണ്. ഡ്രെയിനേജ് സംവിധാനങ്ങളുടെ ഭാഗമായ ആൾനൂഴികൾ വൃത്തിയാക്കുന്ന റോബോട്ടുകളാണ് ഇവർ നിർമ്മിക്കുന്നത്. ഡൽഹിയും തിരുവനന്തപുരവും ഉൾപ്പടെ ഇന്ത്യയിലെ പല നഗരസഭകളും ഇവരുടെ റോബോട്ടുകൾ ഉപയോഗിക്കുന്നുണ്ട്. ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ ഇൻക്യൂബേറ്റർ ആയ ടൈമെഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സാസ്‌കാൻ നിർമ്മിക്കുന്നത് കാൻസർ കണ്ടെത്താൻ സഹായിക്കുന്ന ഉപകരണമാണ്. രാജ്യത്തെ പ്രധാനപ്പെട്ട പല അവാർഡുകളും സാസ്‌കാൻ കരസ്ഥമാക്കിയിട്ടുണ്ട്.  തിരുവനന്തപുരത്തെ സ്റ്റാർട്ടപ്പുകളുടെ വൈവിധ്യവും സാങ്കേതിക മികവും എടുത്ത് കാണിക്കാൻ ചില ഉദാഹരണങ്ങൾ ചൂണ്ടി കാണിച്ചു എന്ന് മാത്രം.

ഒരു പക്ഷെ ബാംഗ്ലൂർ കഴിഞ്ഞാൽ അതിനൂതന ഗവേഷണ സ്ഥാപനങ്ങൾ ഏറ്റവും കൂടുതൽ ഉള്ളത് തിരുവനന്തപുരത്താണ്. ഐ എസ് ആർ ഓയും ശ്രീ ചിത്രയും, രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജിയും ഐസറും ആഡ്വാൻസ്‌ഡ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങി ഇന്ത്യയിൽ ശ്രദ്ധേയമായ പല ഗവേഷണ സ്ഥാപനങ്ങളും നഗരത്തിൽ പ്രവർത്തിക്കുന്നു. ഈ സ്ഥാപനങ്ങളുടെ സഹായത്തോടെ നൂതനങ്ങളായ വ്യവസായങ്ങൾ തുടങ്ങുന്നതിലേക്കായി  ലൈഫ് സയൻസ് പാർക്കും സ്പേസ് പാർക്കും പ്രവർത്തനമാരംഭിച്ച വർഷമാണ് 2021. സ്പേസ് ടെക്നോളജി രംഗത്ത് വലിയ മുന്നേറ്റത്തിനുള്ള സാധ്യതയാണ് സ്പേസ് പാർക്ക് മുൻപോട്ട് വയ്ക്കുന്നതെങ്കിൽ ലൈഫ് സയൻസ്, മെഡിക്കൽ ഉപകരണ മേഖല എന്നിവയുടെ മുന്നേറ്റമാണ് ലൈഫ് സയൻസ് പാർക്കിലൂടെ സാധ്യമാകുന്നത്.

സ്റ്റാർട്ടപ്പ് രംഗത്തെ ഈ വളർച്ചയോട് ചേർത്ത് വച്ച് വായിക്കേണ്ടതാണ് 2021ൽ കോവർക്കിങ് മേഖല തിരുവനന്തപുരത്ത് കൈ വരിച്ച വളർച്ച. കോവിഡ് കാലമായിരുന്നെകിലും കോവർക്കിങ് സ്‌പേസുകൾ കൂടുതൽ വളരുന്ന കാഴ്ചയാണ് പോയ വർഷം കണ്ടത്. ചെറുതും വലുതുമായ ഇരുപതോളം കോവർക്കിങ് സ്‌പേസുകളാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്നുള്ളത്. ഇവയിൽ നല്ലൊരു ശതമാനവും പ്രവർത്തനം ആരംഭിച്ചത് 2021ലാണ്.

2022ൽ കൂടുതൽ വലിയ മുന്നേറ്റമാണ് തിരുവനന്തപുരത്തെ സ്റ്റാർട്ടപ്പ് രംഗം പ്രതീക്ഷിക്കുന്നത്. ഒരു ബില്യൺ ഡോളറിൽ കൂടുതൽ മൂല്യമുള്ള ഒരു സ്റ്റാർട്ടപ്പ് ഈ വർഷം തിരുവനന്തപുരത്ത് നിന്ന് ഉണ്ടാകും എന്ന് ഞാൻ വിശ്വസിക്കുന്നു. സ്റ്റാർട്ടപ്പുകൾക്കായി കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ തിരുവനന്തപുരത്ത് ആവശ്യമായുണ്ട്. ടെക്നോസിറ്റിയോ ടെക്നോപാർക്കോ കേന്ദ്രീകരിച്ച് ഒരു സ്റ്റാർട്ടപ്പ് ഹബ്ബ് നിർമ്മിക്കുന്നത് ഉചിതമായിരിക്കും. ഒപ്പം നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിൽ സ്റ്റാർട്ടപ്പ് സ്പോക്കുകൾ കൂടി സ്ഥാപിക്കുന്നത് നഗരത്തിലെ വിവിധ ഭാഗങ്ങളിലുള്ള സ്റ്റാർട്ടപ്പുകൾക്ക് ഉപയോഗപ്രദമായിരിക്കും. അത്തരം പ്രവർത്തനങ്ങൾ ഈ വർഷം ആരംഭിക്കും എന്ന് പ്രത്യാശിക്കുന്നു.

-------------------------------------

റോബിൻ അലക്സ് പണിക്കർ
ചീഫ് പ്രോഡക്റ്റ് ഓഫീസർ, ഫൈനോട്ട്സ്.

Post your comments