Global block

bissplus@gmail.com

Global Menu

കേരളത്തിന്‌ 3 മിനി ഭക്ഷ്യസംസ്‌കരണ പാര്‍ക്ക്‌ കൂടി

കേരളത്തിന്‌ മൂന്ന്‌ പുതിയ മിനി ഭക്ഷ്യസംസ്‌കരണ പാര്‍ക്കുകൂടി അനുവദിക്കാമെന്ന്‌ കേന്ദ്ര ഭക്ഷ്യസംസ്‌കരണ മന്ത്രി പശുപതിനാഥ്‌ പരസ്‌ ഉറപ്പുനല്‍കിയെന്ന്‌ മന്ത്രി പി രാജീവ്‌ അറിയിച്ചു. 10 ഏക്കറില്‍താഴെ സ്ഥലം മതിയാകും. നേരത്തേ അനുവദിച്ച ചേര്‍ത്തലയിലെ സീഫുഡ്‌ പാര്‍ക്കിന്റെ ഉദ്‌ഘാടനം ജനുവരിയിലുണ്ടാകും. കേന്ദ്ര മന്ത്രിയുമെത്തും. ഭക്ഷ്യസംസ്‌കരണ മേഖലയ്‌ക്കായി ഒരു ഗവേഷണ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ആവശ്യപ്പെട്ടു. സാറ്റലൈറ്റ്‌ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ എന്ന നിലയില്‍ അനുവദിക്കാമെന്ന്‌ അറിയിച്ചു.കേരളം ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുള്ള പാലക്കാട്‌ ഇന്‍സ്‌ട്രുമെന്റേഷന്‍ ലിമിറ്റഡിന്‌ സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി നല്‍കിയ ഭൂമിക്ക്‌ മാര്‍ക്കറ്റ്‌ വില നല്‍കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്നും പുനഃപരിശോധിക്കണമെന്നും ഘനവ്യവസായ മന്ത്രി മഹേന്ദ്രനാഥ്‌ പാണ്ഡെയെ അറിയിച്ചു.

കണ്ണൂര്‍ കൈത്തറി ഗ്രാമം കേന്ദ്ര-- സംസ്ഥാന സഹകരണത്തില്‍ വികസിപ്പിക്കുന്നത്‌ ടെക്‌സ്‌റ്റൈല്‍ മന്ത്രി പീയുഷ്‌ ഗോയലുമായി ചര്‍ച്ച നടത്തി. ജിയോടാഗ്‌ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കുന്നതിന്‌ സമഗ്ര പദ്ധതി തയ്യാറാക്കി സമര്‍പ്പിക്കാന്‍ മന്ത്രി നിര്‍ദേശിച്ചു. കേരളത്തിനെ ഇലക്‌ട്രോണിക്‌സ്‌ ഘടക നിര്‍മാണ കേന്ദ്രമാക്കി മാറ്റുന്നതിനായുള്ള പദ്ധതി ഐടി-- ഇലക്‌ട്രോണിക്‌സ്‌ സഹമന്ത്രി രാജീവ്‌ ചന്ദ്രശേഖറുമായി ചര്‍ച്ച ചെയ്‌തെന്നും മന്ത്രി അറിയിച്ചു.

കേരളത്തില്‍ ഭൂമി ലഭ്യതയിലെ കുറവ്‌ അടക്കം പ്രത്യേക സാഹചര്യം പരിഗണിച്ച്‌ കേന്ദ്രപദ്ധതി നിബന്ധനകളില്‍ ഇളവ്‌ അനുവദിക്കണമെന്ന്‌ വ്യവസായമന്ത്രി പി രാജീവ്‌ കേന്ദ്ര വ്യവസായമന്ത്രി പീയുഷ്‌ ഗോയല്‍, ഘനവ്യവസായമന്ത്രി മഹേന്ദ്രനാഥ്‌ പാണ്ഡെ, ഇലക്‌ട്രോണിക്‌സ്‌-- ഐടി സഹമന്ത്രി രാജീവ്‌ ചന്ദ്രശേഖര്‍ തുടങ്ങിയവരെ സന്ദര്‍ശിച്ച്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. ഇലക്‌ട്രോണിക്‌സ്‌, ടെക്‌സ്‌റ്റൈല്‍സ്‌, ഭക്ഷ്യസംസ്‌കരണം തുടങ്ങിയവയ്‌ക്ക്‌ വ്യവസായങ്ങള്‍ക്ക്‌ പാര്‍ക്ക്‌ അനുവദിക്കുമ്പോള്‍ ഭൂമി നിബന്ധനയില്‍ യാഥാര്‍ഥ്യബോധ്യത്തോടെ സമീപനമുണ്ടാകണം.

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും മറ്റും നല്‍കുന്ന പ്രത്യേക പരിഗണന കേരളം അടക്കമുള്ള ചെറിയ സംസ്ഥാനങ്ങള്‍ക്ക്‌ നല്‍കണമെന്നും ആവശ്യപ്പെട്ടു.പീയുഷ്‌ ഗോയലും രാജീവ്‌ ചന്ദ്രശേഖരനും അനുകൂലമായാണ്‌ പ്രതികരിച്ചതെന്നും രാജീവ്‌ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേരളത്തിന്‌ ലോജിസ്റ്റിക്‌സ്‌ പാര്‍ക്ക്‌ അനുവദിക്കണമെന്ന ആവശ്യം പരിഗണിക്കാമെന്ന്‌ പീയുഷ്‌ ഗോയല്‍ അറിയിച്ചു. ആദ്യമായി ലോജിസ്റ്റിക്‌സ്‌ നയത്തിന്‌ രൂപം നല്‍കിയ സംസ്ഥാനമാണ്‌ കേരളം. ഇതിന്റെ പകര്‍പ്പ്‌ കേന്ദ്രമന്ത്രിക്ക്‌ കൈമാറി. എംഎസ്‌എംഇ ഉല്‍പ്പന്നങ്ങള്‍ക്കായി കാക്കനാട്ട്‌ അന്താരാഷ്ട്ര കേന്ദ്രം സ്ഥാപിക്കാനുള്ള പദ്ധതി കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഈസ്‌ ഓഫ്‌ ഡൂയിങ്‌ ബിസിനസ്‌ റാങ്കിങ്‌ കണക്കാക്കുന്നതിലെ അപാകവും ശ്രദ്ധയില്‍പ്പെടുത്തി. സര്‍വേ നടത്തിയാണ്‌ നിലവില്‍ റാങ്കിങ്‌. വസ്‌തുതാപരമായ യാഥാര്‍ഥ്യങ്ങള്‍ പരിശോധിക്കുന്നില്ല. കേന്ദ്രമന്ത്രിയും വിലയിരുത്തലിനോട്‌ യോജിച്ചു. ടെക്‌സ്‌റ്റൈല്‍ പാര്‍ക്കിനായി 1000 ഏക്കര്‍ നീക്കിവയ്‌ക്കാന്‍ മട്ടന്നൂരില്‍ സ്ഥലമുണ്ടെന്നും അനുവദിച്ചാല്‍ ഭൂമി നല്‍കാമെന്നും മന്ത്രി പി രാജീവ്‌ അറിയിച്ചു.