Global block

bissplus@gmail.com

Global Menu

ഭീം ആപ്പ് ഇന്ത്യയിൽ മാത്രമല്ല ഇനി മുതല്‍ ഭൂട്ടാനിലും

യുപിഐ പേയ്മെന്‍റ് ആപ്പായ ഭീം ഇനി ഭൂട്ടാനിലും. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനും ഭൂട്ടാൻ ധനമന്ത്രി ല്യോൻപോ നംഗെ ഷേറിംഗും സംയുക്തമായിട്ടാണ് ഭൂട്ടാനിലെ ഭീം-യുപിഐ സേവനങ്ങൾക്ക് തുടക്കം കുറിച്ചത്. വിർച്വൽ ആയിട്ടായിരുന്നു ഇന്ത്യയുടെ ധനമന്ത്രി പരിപാടിയില്‍ പങ്കെടുത്തത്. അയൽ രാജ്യങ്ങൾക്ക് പ്രഥമ പരിഗണന എന്ന ഇന്ത്യയുടെ നയപ്രകാരമാണ് ഭൂട്ടാനിൽ സേവനങ്ങൾ ആരംഭിച്ചതെന്ന് ചടങ്ങിൽ സംസാരിക്കവെ നിര്‍മ്മല സീതാരാമൻ പറഞ്ഞു.

കഴിഞ്ഞ 5 വർഷത്തിനിടയിൽ 100 ദശലക്ഷത്തിലധികം യുപിഐ ക്യുആർ സേവനങ്ങൾ സൃഷ്ടിച്ച ഭീം യുപിഐ, കോവിഡ് -19 മഹാമാരിക്കാലത്ത് ഇന്ത്യയിലെ ഡിജിറ്റൽ ഇടപാടുകൾക്ക് നേട്ടമായെന്നും, 2020-21ൽ 41 ലക്ഷം കോടി രൂപ മൂല്യമുള്ള 22 ബില്യൺ ഇടപാടുകൾ ഭീം യുപിഐ കൈകാര്യം ചെയ്‌തെന്നും ധനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രിയുടെ 2019 ലെ ഭൂട്ടാൻ സന്ദർശന വേളയിൽ ഇരു രാജ്യങ്ങളും ചേർന്നെടുത്ത തീരുമാനമാണ് ഇതോടെ പ്രാവർത്തികമായത്. സന്ദർശനത്തെത്തുടർന്നാണ് ഇന്ത്യയും ഭൂട്ടാനും പരസ്പരം റുപെ കാർഡുകൾ സ്വീകരിക്കാൻ തീരുമാനിച്ചത്. രണ്ടു ഘട്ടമായി തീരുമാനം പൂർണ്ണമായും നടപ്പിലാകും. ആദ്യ ഘട്ടമായി ഭൂട്ടാനിൽ ഇന്ത്യൻ റുപെ കാർഡുകളും രണ്ടാം ഘട്ടത്തിൽ തിരിച്ചും സ്വീകരിക്കാനാണ് പദ്ധതി.

ഭൂട്ടാനിൽ ഭീം യുപിഐ സമാരംഭിക്കുന്നതോടെ, ഇരു രാജ്യങ്ങളുടെയും പേയ്‌മെന്റ് അടിസ്ഥാനസൗകര്യങ്ങൾ പരിധികളില്ലാത്ത വിധം പരസ്പര ബന്ധിതമാകും. ഓരോ വർഷവും ഭൂട്ടാൻ സന്ദർശിക്കുന്ന ധാരാളം ഇന്ത്യൻ വിനോദ സഞ്ചാരികൾക്കും വ്യാപാരികൾക്കും ഇത് ഗുണം ചെയ്യും. ഒരു സ്പർശനത്തിലൂടെയുള്ള പണരഹിത ഇടപാടുകൾ ജീവിതവും യാത്രകളും സുഗമമാക്കും. ക്യുആർ വിന്യാസത്തിനായി യുപിഐ മാനദണ്ഡങ്ങൾ സ്വീകരിക്കുന്ന ആദ്യ വിദേശ രാജ്യമാണ് ഭൂട്ടാൻ.ഭീം ആപ്പ് വഴി മൊബൈൽ അധിഷ്‌ഠിത പേയ്‌മെന്റുകൾ സ്വീകരിക്കുന്ന നമ്മുടെ ആദ്യ അയൽ രാജ്യം.

Post your comments