Global block

bissplus@gmail.com

Global Menu

ധനമന്ത്രി ബാലഗോപാലിന്റെ വെല്ലുവിളികൾ

അനന്തമായി തുടരുന്ന കോവിഡ് 19 മഹാമാരി തന്നെയാണ് ഏറ്റവും വലിയ വെല്ലുവിളി. എപ്പോൾ തീരും എന്നുറപ്പില്ലാത്ത എല്ലാ ശാസ്ത്രശാഖകളെയും വെല്ലുവിളിച്ച് കൊറോണ വൈറസ് സംഹാരതാണ്ഡവമാടുമ്പോൾ നമ്മുടെ കൊച്ചു കേരളം വിറങ്ങലടിച്ചു നിൽക്കുന്നു.

നമ്മുടെ ഭാഗ്യം ധനമന്ത്രിയായി പുതിയ പിണറായി സർക്കാരിൽ എത്തിയത് പ്രതിഭാധനനായ കെ എന്‍ ബാലഗോപാൽ ആണ്. വെല്ലുവിളികൾ നിറഞ്ഞ കേരളത്തിന്റെ സമ്പത് രംഗം അദ്ദേഹം അവധാനതയോടെ കൈകാര്യം ചെയ്യുമെന്നാണ് സാമ്പത്തിക വിദഗ്ധർ പ്രത്യാശിക്കുന്നത്. കോവിഡ് 19 കാരണം നികുതി വരുമാനം കുറയുമ്പോൾ നേരത്തെ എഴുതി വച്ച എല്ലാ പ്ലാനുകളും തിരുത്തി എഴുതേണ്ടി വരും, സംശയം ഇല്ല. നികുതിയേതര വരുമാനവും കുറയുന്നത് കൊണ്ട് എല്ലാ വരുമാന സ്ത്രോതസുകളും അടഞ്ഞുകൊണ്ടിരിക്കുന്ന അവസ്ഥയിലാണ് ഖജനാവ്. വരുമാനം കുറയുന്നു ചെലവ് കുറയുന്നില്ല. ഏതു ധന വിദഗ്ധനും സാമ്പത്തിക ശാസ്ത്രജ്ഞനും പുതിയ പുസ്തകങ്ങൽ മറിച്ചു നോക്കേണ്ട അവസ്ഥ. “If you cannot increase your income decrease your expense” എന്ന സിമ്പിൾ ലോജിക് ആകും വരും വർഷങ്ങളിൽ അഭികാമ്യം.

സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പള വർധന ഇരുതല മൂർച്ച ഉള്ള വാളാണ്. സ്വതവേ ദുർബല, കൂടെ കോവിഡ്, കൂടെ ശമ്പള വർധന - വെല്ലുവിളി തന്നെ. വീണ്ടുമൊരു സാലറി ചലഞ്ചു സർവീസ് സംഘടനകൾ എങ്ങനെ നോക്കി കാണും എന്നതും പ്രാധാന്യമുള്ളതാണ്. കടവും പലിശയും ഇപ്പോൾ തന്നെ സംസ്ഥാനത്തിന് താങ്ങാനാവുന്നതിനും അപ്പുറമാണ്. എന്നാൽ വികസന കാര്യങ്ങൾക്കു ഫണ്ട് ഇല്ലാതെ പറ്റില്ല. കിഫ്ബി തന്നെ ശരണം. കടം വാങ്ങി തന്നെ വികസനം നടത്തേണ്ടി വരും. ആളോഹരി കടം കൂടുന്നത് കണ്ടു കണ്ണടക്കേണ്ടി വരുമെന്നത് സാരം. കോവിഡ് പാക്കേജ് എന്നൊക്കെ പറയാം എങ്കിലും കൊടുക്കാൻ ഖജനാവിൽ പണമില്ല. ആയതിനാൽ വ്യാപാര വാണിജ്യ മേഖലയെ സഹായിക്കാൻ സർക്കാരിന് കഴിയുമെന്ന് ആരും പ്രതീക്ഷിക്കണ്ട. കേസുകളിൽ കുടുങ്ങി കിടക്കുന്ന കിട്ടാനുള്ള നികുതി ആംനസ്റ്റി സ്കീം വഴി പിരിച്ചു എടുക്കുക എന്നതാണ് ധനമന്ത്രി ആദ്യം ചെയ്യേണ്ടത്. വ്യാപാര വാണിജ്യ മേഖലയെ കൂടെ വിശ്വാസത്തിൽ എടുത്തു മുന്നോട്ടു പോയാൽ നികുതി വരുമാനം വർധിപ്പിക്കാൻ കഴിയും. കോവിഡ് ഗൾഫ്-യൂറോപ്പ് രാജ്യങ്ങളിൽ ഉണ്ടാക്കിയ മാന്ദ്യവും തൊഴിൽ നഷ്ടവും കേരളത്തിന് വൻ തിരിച്ചടി ആണ് നൽകിയത്. പ്രവാസി വരുമാനം നിലച്ചാൽ, കേരള സമ്പത്തു ഘടന നിശ്ചലമാകും. ഈ വെല്ലുവിളി നേരിടാൻ കേരളം എത്രത്തോളം സജ്ജമാണെന്ന് സംശയമാണ്. വ്യവ്യസായ, ടൂറിസം രംഗത്ത് നിക്ഷേപവും തൊഴിലും ഉണ്ടായാൽ മാത്രമേ നമുക്ക് ഗൾഫ് പ്രതിസന്ധി മറികടക്കാൻ കഴിയു. വരുമാനം കൂട്ടാനുള്ള ദീർഘകാല -ഹൃസ്വകാല നടപടികൾ ഉണ്ടാകണം. ചെറുകിട കച്ചവടക്കാരിൽ നിന്ന് അധിക വരുമാനം എന്ന സ്വപ്നം കോവിഡ് 19 ഇല്ലാതാക്കിക്കഴിഞ്ഞു. അതിനാൽ കൂടുതൽ കച്ചവടക്കാരെ ജി എസ് ടി നെറ്റിൽ കൊണ്ട് വരാൻ ബുദ്ധിമുട്ടാണ്. കോവിഡ് വിഴുങ്ങിയ കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് തന്നെ അമ്പതിനായിരത്തോളം ചെറുകിട, ഇടത്തര വ്യാപാരസ്ഥാപനങ്ങൾ അടഞ്ഞു കഴിഞ്ഞു. ഓർഗനൈസ്ഡ് ഓൺലൈൻ ജി എസ് ടി വരുമാനം തന്നെ ശരണം. നമ്മുടെ വരുമാനം, സ്വത്തു, മാനവശേഷി ആണ് എന്ന് നാം തിരിച്ചറിയണം . കോവിഡാനന്തര കാലഘട്ടത്തിൽ മെഡിക്കൽ, പാരാമെഡിക്കൽ വിദ്യാർഥികൾക്ക് ഡിമാൻഡ് ഉണ്ടാകും . ഇതു ധനമന്ത്രി ശ്രദ്ധിക്കുമെന്നു വിശ്വസിക്കുന്നു. ഇവർക്ക് ഗൾഫിലോ യൂറോപ്പിലോ തൊഴിൽ കിട്ടിയാൽ നേട്ടം സംസ്ഥാനത്തിന് തന്നെ ആകും. ഉദാഹരണത്തിന് പതിനായിരം പേർ രണ്ടു ലക്ഷം രൂപ വച്ച് നാട്ടിലേക്കു അയച്ചാൽ കോടിക്കണക്കിനു രൂപ കേരളവിപണിയിൽ എത്തും. ടൂറിസം-പ്രവാസി വരുമാനം വന്നാലെ വിപണിയിൽ പണം എത്തുകയുള്ളൂ. എന്നാലെ കേരളം സർക്കാർ ട്രഷറി നിറയു എന്നത് പച്ച പരമാർദ്ധം. ഐ ടി, വ്യവസായ, കൃഷി രംഗങ്ങളിൽ നിക്ഷേപം ഉണ്ടാകാനുള്ള നടപടികളും കോവിഡ് കാലത്തു അനിവാര്യമാണ്. തൊഴിലും വരുമാനവും ഉറപ്പാക്കിയാൽ ധന എക്കോ സിസ്റ്റം വലിയ തടസമില്ലാതെ കൊണ്ട് പോകാം.

പുതിയ ധനമന്ത്രി ബാലഗോപാൽ ഔട്ട് ഓഫ് ദി ബോക്സ് ചിന്തിക്കാൻ കഴിവുള്ള വ്യക്തിയാണ്. ഏതു വിഷയവും പഠിച്ചു അവതരിപ്പിക്കാൻ കഴിവുള്ള ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ കൈകളിൽ മാന്ത്രിക വടി ഉണ്ടാകും എന്ന് പ്രത്യാശിക്കാം.

Post your comments