Global block

bissplus@gmail.com

Global Menu

എതിരാളികൾ കൈകോർക്കുന്നു; എന്താണ് 1500 കോടിയുടെ ഇടപാട്?

 

ടെലികോം രംഗത്ത് ശക്തമായ മത്സരം നടക്കുന്നതിനിടെ എതിരാളികളായ റിലയൻസ് ജിയോയും ഭാരതി എയർടെലും തമ്മിൽ വൻകിട ബിസിനസ് കാരാർ. ജിയോയുടെ വരവോടെ വലിയ തിരിച്ചടി നേരിട്ട കമ്പനിയാണ് എയര്‍ടെല്‍ എന്നത് ഒരു വസ്തുതയും ആണ്. എയര്‍ടെലിന്റെ 800 മെഗാഹെര്‍ട്‌സ് ഫ്രീക്വന്‍സി ബാന്‍ഡിലെ സ്‌പെക്ട്രം ആണ് റിലയന്‍സ് ജിയോ വാങ്ങിയത്. ആന്ധ്ര പ്രദേശ്, ദില്ലി, മുംബൈ ടെലികോം മേഖലകളിലെ സ്‌പെക്ട്രം ആണ് ജിയോ ഇതുവഴി സ്വന്തമാക്കിയിരിക്കുന്നത്. 1,497 കോടി രൂപയുടെ ഇടപാടാണ് നടന്നത്. കരാർ പ്രകാരം ഭാരതി എയർടെലിന് 1,037.6 കോടി രൂപ പണമായി ലഭിക്കും. ബാക്കി 459 കോടി രൂപ സ്പെക്ട്രത്തിന് മേലുള്ള ഭാവി ബാധ്യത തീർക്കാൻ ജിയോ ചെലവിടുമെന്നും എയർടെൽ പ്രസ്താവനയിൽ പറഞ്ഞു.

ആന്ധ്രയിൽ 3.75 മെഗാ ഹെട്സ്, ഡൽഹിയിൽ 1.25 മെഗാ ഹെട്സ്, മുംബൈയിൽ 2.5 മെഗാ ഹെട്സ് എന്നീ അളവുകളിലാണ് റേഡിയോതരംഗങ്ങളുടെ ഉപയോഗ അവകാശം എയൽടെൽ ജിയോയ്ക്ക് കൈമാറിയത്. റെഗുലേറ്ററി, സ്റ്റാറ്റ്യൂട്ടറി അംഗീകാരങ്ങൾക്ക് വിധേയമായാണ് എയർടെൽ വിൽപന നടത്തിയത്. മൂന്ന് സർക്കിളുകളിലെയും ഉപയോഗശൂന്യമായ സ്പെക്ട്രമാണ് ജിയോയ്ക്ക് വിറ്റതെന്ന് ഭാരതി എയർടെല്ലിന്റെ എംഡി ഗോപാൽ വിറ്റാൽ പ്രസ്താവനയിൽ പറഞ്ഞു. അതേസമയം അടുത്തിടെ നടന്ന സ്പെക്ട്രം ലേലത്തിൽ 355.45 മെഗാഹെർട്സ് സ്പെക്ട്രം എയർടെൽ 18,699 കോടി രൂപയ്ക്ക് വാങ്ങിയതായി റിപ്പോർട്ടുണ്ടായിരുന്നു.

തങ്ങള്‍ ഉപയോഗിക്കാതെ വച്ചിരുന്ന സ്‌പെക്ട്രം ആണ് ഇപ്പോള്‍ റിലയന്‍സ് ജിയോയ്ക്ക് വിറ്റത് എന്നാണ് എയര്‍ടെല്‍ വ്യക്തമാക്കുന്നത്. ഈ വില്‍പനയിലൂടെ ഉപയോഗിക്കാതെ വച്ചിരുന്ന സ്‌പെക്ട്രത്തില്‍ നിന്ന് വരുമാനം നേടാന്‍ സാധിച്ചു എന്ന് ഭാരതി എയര്‍ടെല്‍ ഇന്ത്യ- സൗത്ത് ഏഷ്യ സിഇഒയും മാനേജിങ് ഡയറക്ടറും ആയ ഗോപാല്‍ വിത്തല്‍ പറഞ്ഞു.

മുംബൈ, ഡൽഹി, ആന്ധ്രാപ്രദേശ് എന്നീ സർക്കിളുകളിലെ ജിയോ ഉപയോക്താക്കളുടെ നെറ്റ്‌വർക്ക് നിലവാരം മെച്ചപ്പെടുത്താൻ പുതിയ ഡീൽ സഹായിക്കുമെന്നും കൂടുതൽ സ്പെക്ട്രം കിട്ടുന്നതോടെ തങ്ങളുടെ സേവനം കൂടുതൽ മെച്ചപ്പെടുത്താനാകുമെന്നും റിലയൻസ് ജിയോ വ്യക്തമാക്കി. മൊബൈല്‍ വീഡിയോ നെറ്റ് വര്‍ക്ക് ആയി നിലകൊള്ളുന്നതും എല്‍ടിഇ സങ്കേതികവിദ്യ സപ്പോര്‍ട്ട് ചെയ്യുന്നതുമായ ഏക നെറ്റ് വര്‍ക് ആണ് റിലയന്‍സ് ജിയോയുടേത്.

അതേസമയം വർഷങ്ങളായുള്ള തർക്കം മറന്നാണ് ഇന്ത്യയിലെ ഏറ്റവും വലിയ രണ്ട് ടെലികോം കമ്പനികൾ ഒരുമിച്ച് പ്രവർത്തിക്കാനുള്ള സന്നദ്ധത കാണിച്ചത്. അതിനാൽ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ കരാർ വളരെ പ്രധാനപ്പെട്ടതാണ്. 2016ൽ റിലയൻസ് ജിയോ ടെലികോം മേഖലയിൽ പ്രവേശിച്ചത് മുതൽ ഇരുവരും കടുത്ത മത്സരത്തിലാണ്.

Post your comments