Global block

bissplus@gmail.com

Global Menu

ടെക്നോസിറ്റിയിൽ 1,500 കോടിയുടെ ഐടി ഹബ്ബുമായി ടിസിഎസ്

ടെക്നോപാർക്കിന്റെ നാലാം ഘട്ടമായ പള്ളിപ്പുറം ടെക്നോസിറ്റിയിൽ 1,500 കോടി രൂപ മുതൽമുടക്കിൽ ടാറ്റാ ടാറ്റാ കൺസൽറ്റൻസി സർവീസസിന്റെ (ടിസിഎസ്) വമ്പൻ ഐടി ഹബ് വരുന്നു. 20,000 നേരിട്ടുള്ള തൊഴിലവസരങ്ങളാണ് പ്രതീക്ഷിക്കുന്നത്. ആദ്യഘട്ടത്തിൽ 5,000 തൊഴിലവസരങ്ങളാണുണ്ടാവുക. 28 മാസം കൊണ്ട് ആദ്യഘട്ട നിർമാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. ടെക്നോപാർക്കും ടാറ്റാ കൺസൾട്ടൻസി സർവീസസും തമ്മിലാണ് ധാരണാപത്രം. ഈ പദ്ധതിക്കുവേണ്ടി 97 ഏക്കർ സ്ഥലം സർക്കാർ പാട്ടത്തിനു നൽകും.

ഐടി മേഖലയിലെ നൂതന സാങ്കേതിക വിദ്യകളായ ഇന്റർനെറ്റ് ഓഫ് തിംഗ്സ്, ബ്ലോക്ക് ചെയിൻ, റോബോടിക്സ്, ഡാറ്റാ അനലിറ്റിക്സ്, മെഷീൻ ലേണിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയിലൂന്നിയുള്ള വ്യവസായങ്ങൾ ആരംഭിക്കാനുള്ള പദ്ധതിയാണ് ടിസിഎസ് സമർപ്പിച്ചിട്ടുള്ളത്. പ്രതിരോധം, എയ്റോസ്പേസ്, നിർമാണം എന്നീ മേഖലകൾക്കാവശ്യമായ നൂതന സാങ്കേതികവിദ്യ പ്രധാനം ചെയ്യുകയാണ് ലക്ഷ്യം. ഇതു വഴി 20,000 പേർക്ക് നേരിട്ടും ഇതിന്റെ മൂന്നു മുതൽ അഞ്ച് ഇരട്ടി വരെ പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കും. ടെക്നോളജി സ്റ്റാർട്ടപ്പുകൾക്കു വേണ്ടി ഇവിടെ ഇൻക്യൂബേറ്റർ സെന്റർ സ്ഥാപിക്കുന്നതിനും ടിസിഎസ്സിനും പദ്ധതിയുണ്ട്.

ടാറ്റ ഗ്രൂപ്പ് കമ്പനിയായ ടാറ്റ എൽഎക്സിയുടെ ഹാർഡ് വേർ വ്യവസായങ്ങളും ഇതോടൊപ്പം സ്ഥാപിതമാകും. ഇതിനുവേണ്ടി ഏഴ് ഏക്കർ സ്ഥലം ഈ കമ്പനിയുടെ ഉപയോഗത്തിന് അനുവദിക്കും. ടിസിഎസിന്റെ നിർദേശങ്ങൾ പരിശോധിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഈ കമ്മിറ്റിയുടെ ശുപാർശകൾ കണക്കിലെടുത്താണ് ടിസിഎസ്സുമായി ധാരണാപത്രം ഒപ്പിടുന്നത്. നിലവിൽ ടെക്നോപാർക്കിന്റെ ഒന്നാം ഘട്ടത്തിൽ ടാറ്റ എൽക്സിക്ക് കെട്ടിടസമുച്ചയമുണ്ട്.

പള്ളിപ്പുറം ടെക്നോസിറ്റിയിൽ ജീവനക്കാർക്കു വേണ്ടി ഉന്നതനിലവാരമുള്ള പരിശീലന കേന്ദ്രം സ്ഥാപിക്കുന്നതിന് നേരത്തെ 97 ഏക്കർ സ്ഥലം ടിസിഎസിനു പാട്ടത്തിനു നൽകിയിരുന്നു. എന്നാൽ പരിശീലന രീതികളിൽ പെട്ടെന്നുണ്ടായ മാറ്റം കാരണം പദ്ധതി നടപ്പായില്ല. ഈ സാഹചര്യത്തിലാണ് പുതിയ പദ്ധതി നടപ്പാക്കാൻ ഈ സ്ഥലം വിട്ടുകൊടുക്കുന്നത്. ടിസിഎസ്സിന് കേരളത്തിൽ വിവിധ പദ്ധതികളിലായി 15,000 ജീവനക്കാരുണ്ട്. കേരളത്തിൽ ഐടി മേഖലയിൽ ഏറ്റവും വലിയ തൊഴിൽദാതാവാണ് ടിസിഎസ്.
കോവിഡാനന്തര കാലത്ത് കേരളത്തിലേക്ക് വരുന്ന പ്രധാന വ്യവസായ നിക്ഷേപമാണ് ടിസിഎസ്സിന്റേത്. സംസ്ഥാനത്തിന്റെ വരുമാന വർദ്ധനവിനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും പദ്ധതി സഹായമാകും.

ടെക്നോസിറ്റിയിലെ ആദ്യ ഐടി കെട്ടിടമായ കബനി ഇന്ന് വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം  ചെയ്യും. 2 ലക്ഷം ചതുരശ്രയടിയുള്ള കെട്ടിടത്തിൽ ആദ്യഘട്ടത്തിൽ 23 കമ്പനികളാണ് എത്തുന്നത്. 3 നിലകളാണുള്ളത്. ഒരോ നിലയുടെയും വിസ്തീർണം 50,000 ചതുരശ്രയടി വരും. ചെറിയ സംരംഭകർക്ക് മറ്റ് നിർമാണപ്രവർത്തനങ്ങൾ നടത്താതെ നേരിട്ട് വന്ന് ഉപയോഗിക്കാൻ കഴിയുന്ന ഫർണിഷ്ഡ് പ്ലഗ് ആൻഡ് പ്ലേ സൗകര്യമാണ് കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോറിലുള്ളത്. 29 സ്മാർട് ബിസിനസ് സെന്റർ (എസ്ബിസി) മൊഡ്യൂളുകളുണ്ട്.

Post your comments