Global block

bissplus@gmail.com

Global Menu

നബാര്‍ഡിന്റെ സ്റ്റേറ്റ് ഫോക്കസ് പേപ്പര്‍ മുഖ്യമന്ത്രി പ്രകാശനം ചെയ്തു

തിരുവനന്തപുരം: 2019-20 ലേക്കുള്ള നബാര്‍ഡിന്റെ സ്റ്റേറ്റ് ഫോക്കസ് പേപ്പര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുറത്തിറക്കി. നബാര്‍ഡിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സംസ്ഥാനതല ക്രെഡിറ്റ് സെമിനാറിന്റെ ഉദ്ഘാടനവേളയിലാണ്  മുഖ്യമന്ത്രി സ്റ്റേറ്റ് ഫോക്കസ് പേപ്പര്‍ പ്രകാശനം ചെയ്തത്. നബാര്‍ഡിന്റെ മേഖലാ വികസന പദ്ധതികളുടെ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. 

1,46,162.78 കോടി രൂപയാണ് 2019-20 ലേക്കുള്ള സ്റ്റേറ്റ് ഫോക്കസ് പേപ്പറില്‍ വായ്പാ സാധ്യതയായി നബാര്‍ഡ് കണക്കാക്കുന്നത്. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഏഴുശതമാനം അധികമാണ്. സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍, ബാങ്കുകള്‍, മറ്റ് ഓഹരിയുടമകള്‍ എന്നിവരുമായി കൂടിയാലോചിച്ച് 14 ജില്ലകളിലേക്കുമായി നബാര്‍ഡ് തയ്യാറാക്കിയ പൊട്ടന്‍ഷ്യല്‍ ലിങ്ക്ഡ് പ്ലാനുകളുടെ ആകെത്തുകയാണ് സ്റ്റേറ്റ് ക്രെഡിറ്റ് പ്‌ളാന്‍ എന്നു പറയുന്നത്. 

മൊത്തം വായ്പാ സാധ്യതയില്‍  47 ശതമാനം കാര്‍ഷിക മേഖലയെയാണ് ലക്ഷ്യമാക്കുന്നത്. 69,303.34 കോടി രൂപയാണിത്. ആകെ വായ്പാസാധ്യതയില്‍ 28 ശതമാനമായ 41,091.07 കോടി രൂപ മൈക്രോ, ചെറുകിട, ഇടത്തര സംരംഭങ്ങള്‍ക്കും 35770 കോടി രൂപ മറ്റ് പ്രയോറിറ്റി മേഖലകള്‍ക്കും വായ്പ നല്‍കാനാവുമെന്നും നബാര്‍ഡ് കണക്കാക്കുന്നു.

സംസ്ഥാനത്തിന് കാര്‍ഷികമേഖലയില്‍ കാലാനുസൃതമായ പുരോഗതി നേടാന്‍ നബാര്‍ഡിന്റെ ഫലപ്രദമായ ഇടപെടലും സഹായവും വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സെമിനാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് പറഞ്ഞു. കാര്‍ഷിക അഭിവൃദ്ധിയില്‌ളാതെ കേരളവികസനം പൂര്‍ത്തിയാവില്‌ള. കാര്‍ഷികപ്രാധാന്യമുള്ള സംസ്ഥാനമാണെങ്കിലും ആധുനിക കൃഷിരീതികള്‍ വേണ്ടത്ര സ്വായത്തമാക്കാന്‍ കേരളത്തിന് കഴിഞ്ഞിട്ടില്ല.

ഇക്കാര്യങ്ങള്‍ കണക്കിലെടുത്ത് ശാസ്ത്രീയമായി കാര്‍ഷികരംഗം അഭിവൃദ്ധിപ്പെടുത്താന്‍ ഫലപ്രദമായ ഇടപെടലുകള്‍ വേണം. പ്രളയം സൃഷ്ടിച്ച പ്രശ്‌നങ്ങള്‍ അതിജീവിച്ച് ഭാവിയില്‍ ഏതു പ്രതിസന്ധിയും അതിജീവിക്കാനാകുന്ന കേരളം പുനര്‍നിര്‍മിക്കാനാണ് ശ്രമിക്കുന്നത്. പ്രളയദുരന്തമുണ്ടായപ്പോള്‍ ലോകത്തിന്റെ പല ഭാഗത്തുനിന്നും തങ്ങള്‍ക്കുണ്ടായ ദുരന്തം പോലെയാണ് പ്രതികരിച്ചത്. അത്തരത്തില്‍ നബാര്‍ഡിന്റെ പ്രതികരണവും സഹകരണവും പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. 

വെളളപ്പൊക്കത്തില്‍ മേല്‍മണ്ണ് ഒലിച്ചുപോയതും ഉരുള്‍പൊട്ടലും പല ജില്ലകളിലും സ്ഥലഘടനയെയും ഭൂപ്രകൃതിയെയും മാറ്റിമറിച്ചു.  ഈ സാഹചര്യത്തില്‍ സംസ്ഥാനസര്‍ക്കാരിന് ഒറ്റയ്ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയില്ല. പ്രളയത്തെ തുടര്‍ന്ന് ഉയര്‍ത്തുന്ന വന്ന വിവിധതരം പ്രശ്‌നങ്ങളെകുറിച്ച് സെമിനാറില്‍ ചര്‍ച്ചചെയ്യുമെന്ന് കരുതുന്നതായി മുഖ്യമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. ഈ സെമിനാറിലും അതുപോലുളള മറ്റ് സെമിനാറുകളിലും ഉരുത്തിരിയുന്ന ആശയങ്ങളും നിര്‍ദ്ദേശം സംസ്ഥാനത്തിന്റെ പുനര്‍വികസനത്തിനായി യോജിച്ച പദ്ധതികള്‍ തയ്യാറാക്കാന്‍ സഹായിക്കും. 

സംസ്ഥാനത്തെ ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. കാര്‍ഷികമേഖലയുടെ സമഗ്രവികസനത്തിന് സാങ്കേതിക പുരോഗതിയും ഗവേഷണവും കൈകോര്‍ത്തു പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണ്. സംസ്ഥാനത്തെ ജനങ്ങളുടെ ആവശ്യങ്ങളും അടിസ്ഥാന യാഥാര്‍ത്ഥ്യങ്ങളും മനസ്സിലാക്കി സര്‍ക്കാരിനൊപ്പം ഒരേ മനസ്സോടെ പ്രവര്‍ത്തിക്കുന്നതിന് നബാര്‍ഡിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു. 

ചടങ്ങില്‍ കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. നബാര്‍ഡ് തയ്യാറാക്കിയ ഫാര്‍മര്‍ പോഡ്യൂസര്‍ ഓര്‍ഗനൈസേഷന്റെ (എഫ്പിഒ) ബ്രോഷര്‍ മന്ത്രി പ്രകാശനം ചെയ്തു. പ്രളയാനന്തരമുണ്ടായ 1.47 ലക്ഷം ഹെക്ടര്‍ സ്ഥലത്തെ വിളനാശം സംസ്ഥാനത്തെ നാല് ലക്ഷം കര്‍ഷകരെ ബാധിച്ചതായും മന്ത്രി ചൂണ്ടിക്കാട്ടി. സുസ്ഥിര കാര്‍ഷികവികസനത്തിന് മികച്ച ഉത്പാദനത്തിനൊപ്പം മൂല്യവര്‍ധിത സാധ്യതകളും സുശക്തമായ വിപണന സംവിധാനവും ഒരുക്കാന്‍ നബാര്‍ഡ് പോലുള്ള ധനകാര്യസ്ഥാപനങ്ങളുടെ സഹകരണം അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു. 

കര്‍ഷകര്‍ക്ക് പലിശരഹിതമോ, കുറഞ്ഞ പലിശയുള്ളതോ നൂലാമാലകളില്‌ളാത്തതോ ആയ വായ്പകള്‍ ലഭ്യമാക്കണം. കര്‍ഷക ഉത്പാദക സംഘങ്ങളുമായി ബന്ധപ്പെട്ട മേഖലയില്‍ നബാര്‍ഡിന്റെ
സേവനം മികച്ചതാണ്. കര്‍ഷകര്‍ക്ക് സര്‍ക്കാരും ബാങ്കുകളും നല്‍കുന്ന പലിശയിളവുകള്‍ അവര്‍ക്ക് തന്നെ ലഭിക്കണം. കാര്‍ഷിക വായ്പകള്‍, പ്രത്യേകിച്ച് സ്വര്‍ണപ്പണയ വായ്പകള്‍ കര്‍ഷകരില്‍ എത്തുന്നുണ്ടെന്ന് ബാങ്കുകള്‍ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. 

സംസ്ഥാനത്ത് എഫ്പിഒകളുടെ പ്രചാരണത്തിന് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കല്‍, തരിശ്ഭൂമി കൃഷിയുടെ പ്രചാരണത്തിനായുളള ആശയ സംഭാവന, മൈകോ ഇറിഗേഷന്‍ ഇന്‍സെന്റീവ് പോഗ്രാമുകള്‍ എന്നിവയ്ക്ക് നബാര്‍ഡിനെ മന്ത്രി പ്രശംസിച്ചു. ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ ഡോ. വി.കെ. രാമചന്ദ്രന്‍, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റീജിയണല്‍ ഡയറക്ടര്‍ എസ്.എം.എന്‍ സ്വാമി, എസ്ബിഐ സിജിഎം എസ്.വെങ്കട്ടരാമന്‍, എസ്.എല്‍.ബി.സി കണ്‍വീനര്‍ ജി.കെ.മായ എന്നിവര്‍ സംസാരിച്ചു. 

ഉദാരവത്ക്കരണത്തിന്റെ ഇക്കാലത്തും സാമൂഹിക, വികസന ബാങ്കിംഗ് പ്രോത്സാഹിപ്പിക്കുന്ന നബാര്‍ഡ് ഒരു സ്ഥാപനമെന്ന നിലയില്‍ രാജ്യത്തിന് മുതല്‍ക്കൂട്ടാണെന്ന് ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ ഡോ. വി.കെ. രാമചന്ദ്രന്‍ പ്രസംഗിച്ചു. വേതന തൊഴില്‍, സ്വയംതൊഴില്‍, വൈദഗ്ദ്ധ്യവും പരിശീലനവും എന്നിവ ലക്ഷ്യമിട്ട് ഒരു സുസ്ഥിര ഉപജീവന പാക്കേജ് ഉടന്‍ തന്നെ സംസ്ഥാനസര്‍ക്കാര്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

എഫ്പിഒകള്‍, ഇ-ശക്തി, പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ റൂറല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് (ആര്‍ഐഡിഎഫ്) ഫണ്ട് അനുവദിക്കല്‍, കോപറേറ്റീവുകള്‍ക്കുളള ഹ്രസ്വകാല കാര്‍ഷികവായ്പകള്‍ വര്‍ദ്ധിപ്പിക്കല്‍  എന്നിവയിലൂടെ സംസ്ഥാനത്തെ നബാര്‍ഡിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനുളള പരിശ്രമത്തെ കുറിച്ച് നബാര്‍ഡ് സി.ജി.എം ആര്‍. ശ്രീനിവാസന്‍ സ്വാഗതപ്രസംഗത്തില്‍ ചുരുക്കിപ്പറഞ്ഞു. 2019-20 വര്‍ഷത്തെ നബാര്‍ഡിന്റെ സ്റ്റേറ്റ് ഫോക്കസ് പേപ്പറിന്റെ ഹൈലൈറ്റ്‌സും അദ്ദേഹം ചുരുക്കിപ്പറഞ്ഞു. 

നബാര്‍ഡ് ജനറല്‍ മാനേജര്‍ ഡോ. ഗോപകുമാരന്‍ നായര്‍ സ്റ്റേറ്റ് ഫോക്കസ് പേപ്പര്‍ വിശദീകരിച്ചു. നബാര്‍ഡ് സി.ജി.എം ആര്‍. ശ്രീനിവാസന്‍ സ്വാഗതവും ജനറല്‍ മാനേജര്‍ കെ.എസ്.എം ലക്ഷ്മി നന്ദിയും പറഞ്ഞു. അഗ്രികള്‍ച്ചറല്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍ ദേവേന്ദര്‍കുമാര്‍ സിംഗ് ഐഎസ്, കോപറേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് സെക്രട്ടറി മിനി ആന്റണി ഐഎഎസ്, രജിസ്ട്രാര്‍ ഒഫ് കോപറേറ്റീവ് സൊസൈറ്റീസ് ഷാനവാസ് ഐഎഎസ്, വിവിധ ബാങ്കുകളുടെ സീനിയര്‍ എക്‌സിക്യൂട്ടീവുകള്‍, സര്‍ക്കാര്‍ വകുപ്പ് പ്രതിനിധികള്‍, നബാര്‍ഡിന്റെ ലീഡ് ഡിസ്ട്രിക്ട് മാനേജര്‍മാര്‍, ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ് മാനോജര്‍മാര്‍, എന്‍ജിഒകള്‍, കര്‍ഷകപ്രതിനിധികള്‍ എന്നിവര്‍ സെമിനാറില്‍ പങ്കെടുത്തു. 

 

Post your comments