Global block

bissplus@gmail.com

Global Menu

സിലിക്കണ്‍വാലി സ്വപ്‌നങ്ങള്‍

രാജേഷ് മോഹന്‍

പ്രിന്‍സിപ്പല്‍ കണ്‍സള്‍ട്ടന്റ്, എന്‍സര്‍ക്കിള്‍സ്

1990 കളുടെ തുടക്കത്തില്‍ എഞ്ചിനീയറിംഗ് ബിരുദത്തിന് പഠിക്കുമ്പോള്‍ നമ്മുടെ നാട്ടില്‍ നടന്ന കമ്പ്യൂട്ടര്‍ വല്‍ക്കരണത്തിന് എതിരെ ഉള്ള സമരവും തൊഴിലാളി സമരങ്ങളും വ്യാപാര മേഖല  അനിശ്ചിതത്വത്തോടെയും ആശങ്കയോടെയുമാണ് കണ്ടത്. ആശങ്ക എന്തെന്നാല്‍ പഠിച്ച് എഞ്ചിനീയര്‍ ആകുമ്പോള്‍ എന്റെ സന്തം നാട്ടില്‍ തൊഴില്‍ കിട്ടുമോ എന്നതായിരുന്നു. അന്നത്തെ സാഹചര്യത്തില്‍ ഒരു എന്‍ജിനീയറിംഗ് ബിരുദധാരിക്ക്  സ്വപ്നം കാണാവുന്നത് ഐ.എസ്.ആര്‍.ഒ, കെല്‍ട്രോണ്‍, കെ.എസ്.ഇ.ബി തുടങ്ങിയ സ്ഥാപനങ്ങളിലെ എഞ്ചിനീയറിംഗ് വിഭാഗത്തിലെ ജൂനിയര്‍ തസ്തികയിലെ അവസരങ്ങള്‍ മാത്രം ആയിരുന്നു.  
പക്ഷെ യശഃശരീരനായ മുന്‍ കേന്ദ്ര ഇലക്‌ട്രോണിക് സെക്രട്ടറിയും കെല്‍ട്രോണിന്റെ മുന്‍ സാരഥിയുമായ കെ.പി.പി. നമ്പ്യാര്‍ എന്ന ഭീക്ഷ്മാചാര്യന്‍ നാളത്തെ തലമുറയ്ക്കായി കാലിഫോര്‍ണിയായിലെ സിലിക്കണ്‍ വാലിയേയും തായ്‌വാനിലെ ഷിന്‍ഷു പാര്‍ക്കിനെയും പോലെ സമാനമായ ഒരു സ്ഥാപനം കേരളത്തില്‍ തുടങ്ങണമെന്ന് അതിയായി ആഗ്രഹിച്ചു. 1989 നായനാര്‍ മുഖ്യമന്ത്രി ആയിരുന്ന കാലത്ത് ഒരു വ്യവസായ വകുപ്പിലെ പ്രത്യേക ഉപദേശകനായിരിക്കെ ഒരു ലോകോത്തര ഐ.റ്റി പാര്‍ക്ക് തുടങ്ങാനുള്ള നിര്‍ദ്ദേശം സമര്‍പ്പിച്ചു. മുഖ്യമന്ത്രി ഇ.കെ. നായനാരുടെയും വ്യവസായ മന്ത്രി ഗൗരിയമ്മയുടെയും പൂര്‍ണ പിന്തുണ ഇതിന് ലഭിച്ചു പദ്ധതിയുടെ പ്രോജക്ട് റിപ്പോര്‍ട്ടും ഈ കാലഘട്ടത്തില്‍ സമര്‍പ്പിക്കുകയുണ്ടായി. സിലിക്കണ്‍ വാലിയെ പോലെ കേരളത്തെയും ഒരു മിനി ഇലക്‌ട്രോാണിക് സോഫ്റ്റ്‌വെയര്‍ കേന്ദ്രമായി കേരളത്തെ വളര്‍ത്തുകയായിരുന്നു കെ.പി.പി നമ്പ്യാരുടെ ലക്ഷ്യം. മുഖ്യമന്ത്രിയുടെയും വ്യവസായമന്ത്രിയുടെയും ഉറച്ച പിന്തുണയും സഹകരണവും ഈ പദ്ധതിയെ മുന്നോട്ട് കൊണ്ടുപോയി. ഈ അവസരത്തില്‍ ബാംഗ്‌ളൂര്‍ CDAC  ഉദ്യോഗസ്ഥനായ ജി. വിജയരാഘവന്റെ സേവനവും കെ.പി.പി. നമ്പ്യാര്‍ അഭ്യര്‍ത്ഥിച്ചു. വിധി നിശ്ചയിച്ചതുപോലെ ഗൗരിയമ്മയും കെ.പി.പി. നമ്പ്യാരും, വിജയരാഘവനും ഉള്‍പ്പെട്ട സംഘം അമേരിക്കയിലെ സിലിക്കണ്‍ വാലിയിലെ ആപ്പിള്‍, സണ്‍ തുടങ്ങിയ മുന്‍നിര കമ്പനികള്‍ സന്ദര്‍ശിക്കുകയുണ്ടായി. കമ്പ്യൂട്ടറിനെ നഖശിഖാന്തം എതിര്‍ത്തിരുന്ന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് ഐ.റ്റി. യുടെ അനന്തസാധ്യതകള്‍ നേര്‍ക്കാഴ്ചയായി. തന്റെ പാര്‍ട്ടി നിലപാടുകള്‍ തിരുത്തേണ്ടതാണെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടു. ഇന്ന് കാണുന്ന കേരള ഐ.റ്റി. സ്വപ്നങ്ങള്‍ ചിറക് വിരിക്കുന്നത് ഭാവിയെ സ്വപ്നം കാണാന്‍ കഴിഞ്ഞ ഇവരുടെ അമേരിക്കന്‍ യാത്രയാണ്. യാത്രയെ തുടര്‍ന്ന് തിരുവനന്തപുരത്ത് കേരള യൂണിവേഴ്‌സിറ്റിയുടെ  കാര്യവട്ടം ക്യാമ്പസ് സ്ഥിതി ചെയ്യുന്ന വൈദ്യന്‍കുന്നില്‍ ഇലക്‌ട്രോണിക് ടെക്‌നോളജി പാര്‍ക്ക് സ്ഥാപിക്കാന്‍ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയായി  വിജയരാഘവനെ നിയമിക്കാനും 1990 ല്‍ നായനാര്‍ സര്‍ക്കാര്‍ ഉത്തരവായി. 
28 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തുടങ്ങിയ ഈ എളിയ തുടക്കങ്ങളാണ് 60000 പേര്‍ക്ക് പ്രത്യക്ഷമായും ഒരു ലക്ഷം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ നല്കുന്ന വന്‍ വ്യവസായമായി വളര്‍ന്നത്. 400-ലേറെ കമ്പനികള്‍, 12000 കോടി വിറ്റ്‌വരവ്, 1500 ല്‍പ്പരം സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍. 500 കിലോമീറ്റര്‍ മാത്രം നീളമുള്ള ദൈവത്തിന്റെ സ്വന്തം നാട്ടുകാര്‍ക്ക് അഭിമാനിക്കാം. മലയാളി ഗള്‍ഫിലേക്കും, ബംഗാളി കേരളത്തിലേക്കും കയറ്റുമതി ചെയ്യപ്പെടുന്നത് ചര്‍ച്ച ചെയ്യുമ്പോള്‍ 'മലയാളി ബ്രയിന്‍' നമ്മുടെ നാട്ടില്‍ തന്നെ നിലനിര്‍ത്തിയതിന് ആദ്യ ഐ.റ്റി. പാര്‍ക്കായ തിരുവനന്തപുരം ടെക്‌നോപാര്‍ക്കെന്ന ലോകോത്തര ഐ.റ്റി പാര്‍ക്കിനോട് നമ്മള്‍ കേരളീയര്‍ കടപ്പെട്ടിരിക്കുന്നു. തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ തുടങ്ങിയ ഐ.റ്റി. വിപ്‌ളവം കൊച്ചി ഇന്‍ഫോപാര്‍ക്കും കടന്ന് കോഴിക്കോട് സൈബര്‍ പാര്‍ക്ക് തുടങ്ങി കുണ്ടറ മുതല്‍ കാസര്‍കോട് വരെ പരന്ന് കിടക്കുന്നു.UL-Cyber park, smart city, LuLu IT Park  തുടങ്ങി കേരള IT  യുടെ വളര്‍ച്ചയ്ക്ക് നിദാനമാവുന്ന പദ്ധതികള്‍ വരുന്നു. Tecnocity  കേരളത്തിന്റെ തൊപ്പിയിലെ മറ്റൊരു തൂവല്‍ ആണ്.  NISSAN    ന്റെ  കേരളത്തിലേക്കുള്ള വരവ് കേരള IT യ്ക്ക് ഒരു catalystic effect  നല്കുന്നതാണ്. Taurus group-  Down Town Project   തുടങ്ങിയ സ്വകാര്യ IT പാര്‍ക്കുകളും നമ്മുടെ IT കുതിപ്പിന് ആക്കം കൂട്ടും.

“A Journey of thousand miles starts with a single step”' എന്ന വാചകം അനര്‍ത്ഥമാക്കുന്നതാണ് കേരളത്തിലെ  IT  രംഗം 1990-ല്‍ തുടങ്ങിയ എളിയ യാത്ര. ആലങ്കാരികമായി പറയാം. ഇത് സിലിക്കണ്‍ വാലിയിലേക്കുള്ള ഒരു യാത്ര തന്നെയാണ്. 

 

 

Post your comments